ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി, പ്രതിസന്ധി കാലത്ത് ആം ആദ്മിയെ നയിച്ച കരുത്തുറ്റ കൈകള്‍; അതിഷി മര്‍ലേനയെ അറിയാം

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മര്‍ലേനയെ ആം ആദ്മി പാര്‍ട്ടി നിര്‍ദേശിച്ചു കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷിയെ മുഖ്യമന്ത്രിയാക്കാന്‍ നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠമായാണ് തീരുമാനിച്ചത്. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്‌രിവാള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്.
എന്തുകൊണ്ട് അതിഷി?
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. മനീഷ് സിസോദിയയ്ക്ക് പിന്നാലെ കെജ്‌രിവാളും അറസ്റ്റിലായതോടെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും നയിക്കാന്‍ ആരെന്ന വലിയ പ്രതിസന്ധി ഉയര്‍ന്നു വന്നു. സധൈര്യം ഈ ദൗത്യം ഏറ്റെടുത്തത് അതിഷിയും സൗരഭ് ഭരത്‌രാജും ചേര്‍ന്നായിരുന്നു. ജൂണില്‍ ദേശീയ തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരമിരുന്ന അതിഷി വന്‍ ജനസമ്മതി നേടിയിരുന്നു.
Read Also: ഡൽഹിക്ക് വനിതാ മുഖ്യമന്ത്രി; അരവിന്ദ് കെജ്രിവാളിന് പിൻഗാമി അതിഷി
ആരാണ് അതിഷി?
1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ തന്നെയാണ് അതിഷി ജനിച്ചത്. മാര്‍ക്‌സും ലെനിനും ചേര്‍ന്ന മര്‍ലേന അതിഷിയുടെ പേരിനൊപ്പം ചേര്‍ത്തത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയുമാണ് . സ്പ്രിങ്‌ഡെയ്ല്‍ സ്‌കൂളില്‍നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. ശേഷം, ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് സര്‍വകലാശയില്‍ നിന്ന് ബിരുദാനന്തര ബിരുദം. ഓക്‌സഫഡിലും ഇന്ത്യയിലെ റിഷിവാലി സ്‌കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാപിതമായപ്പോള്‍ മുതല്‍ പ്രവര്‍ത്തകയാണ്.
രാഷ്ട്രീയ പ്രവേശനം
2013ലാണ് ആം ആദ്മി പാര്‍ട്ടിയോടൊപ്പമുള്ള യാത്ര അതിഷി ആരംഭിക്കുന്നത്. മധ്യപ്രദേശിലെ ഖണ്ട്‌വാ ജില്ലയില്‍ നടന്ന ചരിത്രപരമായ ജല്‍ സത്യാഗ്രഹയില്‍ പങ്കെടുത്തു അവര്‍. 2020ല്‍ നടന്ന ഡല്‍ഹി ലജിസ്ലേറ്റീവ് അസംബ്ലി ഇലക്ഷനില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ജയിച്ചു വന്നു. ബിജെപിയുടെ ധരംബിര്‍ സിങിനെ 11000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. 2015 – 2018 കാലയളവില്‍ സിസോദിയയുടെ ഉപദേശകയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പ്രധാനമായും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. ദില്ലിയില്‍ എഎപിയുടെ ഭരണതുടര്‍ച്ചയ്ക്ക് സഹായകരമായ പരിഷ്‌ക്കരണ നടപടികളുടെയും ചുക്കാന്‍ അതിഷിക്കായിരുന്നു. നിലവില്‍ മമത ബാനര്‍ജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലുള്ള വനിത അതിഷിയാകും.
Story Highlights : Atishi Marlena profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here