Advertisement

അരവിന്ദ് കെജ്‍രിവാളിന്റെ രാജി ഇന്ന്; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാ കക്ഷിയോഗം

September 17, 2024
1 minute Read

അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്.

അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി, മുഖ്യമന്ത്രി അരവിന്ദ് കെജ്‍‌രിവാൾ അടക്കം നേരിട്ട അഴിമതി ആരോപണങ്ങളിൽ ജനവിധിയെന്ന അഗ്നിശുദ്ധിക്ക് ഒരുങ്ങുകയാണ്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി കെ സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജനവിധി തേടാൻ ഒരുങ്ങുകയാണ്. രാജി പ്രഖ്യാപനത്തിന് പിന്നാലെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി. ഇന്ന് 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും.

മന്ത്രിസഭാ അംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവർക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും പരിഗണനയിലുണ്ട്. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷി എങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചരണം നയിച്ചത് സുനിത കെജ്രിവാൾ ആയിരുന്നു. സുനിതയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമാണോ ഇതെന്ന് കരുതിയവരും ഉണ്ട്. അതിഷിയോ സുനിത കെജ്രിവാളോ മുഖ്യമന്ത്രിയായാൽ ഡൽഹി ഭരിച്ച സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിത എന്ന ചരിത്രം.

ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് രാഖി ബിർളയുടെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. മനീഷ് സിസോദിയക്ക് പകരം മന്ത്രിസഭയിൽ എത്തിയ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപക നേതാവ് ഗോപാൽ റായ്, ഗതാഗതമടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കൈലാഷ് ഗലോട്ട് എന്നിവരും സാധ്യത പട്ടികയിൽ ഉണ്ട്. ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനൊപ്പം, അഴിമതി ആരോപണങ്ങളിൽ തകർന്ന പ്രതിച്ഛായ കൂടി വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് കെജ്രിവാളിന്റെ രാജി.

Story Highlights : Delhi CM Arvind Kejriwal will resign today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top