ചൈനീസ് പതാക വീശി താരങ്ങള്‍ ഗ്യാലറിയില്‍; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് താരങ്ങള്‍ പിന്തുണച്ചത് ചൈനയെ
ഹോക്കിയിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കീരിടത്തിനായുള്ള ഇന്ത്യ-ചൈന പുരുഷ ടീമുകളുടെ പോരാട്ടം അവസാന നിമിഷം വരെ ആവേശം നിറക്കുന്നതായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ കപ്പടിച്ച ഇന്ത്യയെ, പക്ഷേ ആതിഥേയരായ ചൈന ശരിക്കും വെള്ളം കുടിപ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീതിനും സംഘത്തിനും അവസാനപാദം വരെ പൊരുതിയാണ് ചൈനക്കെതിരെ ഗോളടിക്കാന്‍ ആയത്. ടൂര്‍ണമെന്റിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള ടീമാണ് ചൈന. ചൈനയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായ ഹുലുന്‍ബുയറിലെ ആവേശകരമായ മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഫൈനല്‍ മത്സരം കാണാന്‍ പാകിസ്ഥാന്‍ ഹോക്കി ടീമും ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ചൈനയെ പിന്തുണച്ച ടീമംഗങ്ങളില്‍ ചിലര്‍ ചൈനീസ് പതാക മുഖത്ത് വരച്ചും പതാക വീശിയുമാണ് താരങ്ങളെ പിന്തുച്ചത്. 2018-മുതല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനത്ത് എത്തുന്ന ടീമാണ് പാകിസ്താന്‍. ഇത്തവണ കരുത്തരായ ദക്ഷിണ കൊറിയയെ പെനാല്‍റ്റിയില്‍ മലര്‍ത്തിയടിച്ചായിരുന്നു മൂന്നാംസ്ഥാനത്ത് എത്തിയത്. ടൂര്‍ണമെന്റിലെ ശക്തരായ ടീമുകളായിരുന്നു ഇന്ത്യയും പാകിസ്ഥാനും. 2011, 2012, 2013 വര്‍ഷങ്ങളില്‍ നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ മൂന്ന് എഡിഷനുകളില്‍ രണ്ടെണ്ണം പാകിസ്ഥാനാണ് നേടിയിരുന്നത്. 2021-ല്‍ നാലാമതും 2023-ല്‍ അഞ്ചാമതും സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എന്തായാലും ഇന്ത്യക്ക് കടുപ്പമേറിയ മത്സരമായിരുന്നു ഫൈനല്‍. ചൈന കപ്പടിക്കണമെന്ന ആഗ്രഹിച്ച പാകിസ്താന്‍ ടീമിനെതിരെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
Read Also: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി സ്പെയിനിലേക്ക്
1972-ന് ശേഷം ആദ്യമായി തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമെന്നത് ഇരട്ടിമധുരമാണ്. ഏഷ്യന്‍ ഗെയിംസിന്റെ മുന്നോടിയായിട്ടായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വിജയം. ഇന്ത്യ സ്വര്‍ണ്ണം നേടുകയും പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടുകയുമായിരുന്നു.
ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ ചൈനയെ 3-0ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ജപ്പാനെ 5-1 നും മലേഷ്യയെ 8-1നും ദക്ഷിണ കൊറിയയെ 3-1 നും പാകിസ്ഥാനെ 2-1 നും തോല്‍പ്പിച്ച് ഹോക്കി ആരാധാകരെ ആവേശഭരിതരാക്കിയായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. സെമിയില്‍ ദക്ഷിണ കൊറിയയെ 3-1 ന് തോല്‍പ്പിച്ചാണ് ഫൈനല്‍ബര്‍ത്ത് ഉറപ്പാക്കിയത്. എന്നാല്‍ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യക്ക് ഒരു ഗോള്‍ മാത്രമാണ് ചൈനക്കെതിരെ നേടാനയത്. ഒരു ഗോളിന്റെ ബലത്തില്‍ നേടിയ അഞ്ചാം കിരീടം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Story Highlights : Asian Champions Trophy Hockey final India vs China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here