‘സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ’; ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്ത്
കർഷകരേയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഹരിയാനയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഗ്യാസ് സിലിണ്ടറിന് 500 രൂപ നൽകും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഒരുക്കും. യുവജനങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കും. ഇതിനായി 2 ലക്ഷം ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും. ലഹരി വിമുക്ത ഹരിയാന ഉറപ്പാക്കും.
വാർദ്ധക്യ പെൻഷനായി 6000 നൽകും. വികലാംഗ പെൻഷനും വിധവാ പെൻഷനും 600 വീതം നൽകും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. പിന്നോക്ക വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കും. ഇതിനായി ജാതി സെൻസസ് നടത്തും. ക്രീമിലെയർ പരിധി 10 ലക്ഷം രൂപയായി ഉയർത്തും. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും. ഉടനടി വിള നഷ്ടപരിഹാരം. പാവപ്പെട്ടവർക്ക് വീട്. 3.5 ലക്ഷം രൂപ വിലയുള്ള 2 മുറികളുള്ള വീട് ഉറപ്പാക്കും.
അതേസമയം കോണ്‍ഗ്രസ്, ബി.ജെ.പി, ആം.ആദ്മി പാര്‍ട്ടി ഒറ്റയ്ക്കാണ് ഹരിയാനയില്‍ മത്സരിക്കുന്നത്. ആം ആദ്മിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കുന്നതില്‍ ഔദ്യോഗിക തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം ചേരില്ലെന്ന് ഇരുപക്ഷവും പ്രതികരിച്ചിരുന്നു.
അതിനിടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയാതെ വന്നതോടെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചത് ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരണമാകുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Story Highlights : Congress manifesto Haryana polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here