Advertisement

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്’: രമേശ് ചെന്നിത്തല

September 18, 2024
Google News 1 minute Read

മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.

കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍. ദേശീയ വിഷയങ്ങള്‍ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തെരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അനാവശ്യമായ നേട്ടം ഉണ്ടാകാനുളള ഗൂഢപദ്ധതി മാത്രമാണ്. ഇതു നടപ്പാക്കുകയെന്നാല്‍ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകള്‍ പിരിച്ചു വിടുകയെന്നതാണ്. അത് അനുവദിക്കാനാവില്ല. ഇതൊക്കെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢപദ്ധതിയാണെന്ന് അദ്ദേഹം വിമർശിച്ചു.

മുന്‍കാലങ്ങളിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇതുപോലെ നിരവധി പരിപാടികള്‍ ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാന്‍ പോലും ആള്‍ബലമില്ലാത്ത ബിജെപി കാബിനറ്റ് ഇതുപോലെ നാടകങ്ങള്‍ കാണിക്കുന്നത് ഭരണപരാജയത്തില്‍ നിന്നു ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights : Ramesh Chennithala React One Nation One Election Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here