മാര്‍വെലിനെയും ഹോളിവുഡിനെയും നാശത്തിലേക്ക് നയിച്ച വോക്ക് കള്‍ച്ചര്‍
പുതിയ കാലഘട്ടത്തില്‍, സാമൂഹിക,വിനോദ, രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നേടിയിരിക്കുന്ന ഒരു ആശയമാണ് വോക്ക് സംസ്‌കാരം (Woke Culture). ‘Woke’ എന്ന പദം ഉത്ഭവിച്ചുവന്നത് അമേരിക്കന്‍ ആഫ്രോ-അമേരിക്കന്‍ സമുദായത്തിന്റെ സോഷ്യല്‍ ജസ്റ്റീസ് പോരാട്ടങ്ങളിലാണ്. പക്ഷേ ഈ ആശയം ഇന്ന് മിക്ക രാജ്യങ്ങളിലും സിനിമാ മാധ്യമ മേഖലകളുടെ എല്ലാ ഭാഗത്തേക്കും അതിന്റെ സ്വാധീനം സൃഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഹോളിവുഡില്‍ വോക്ക് സംസ്‌കാരം മൂലം അടുത്തിടെ സംജാതമായ മാറ്റങ്ങളും സിനിമ വ്യവസായം തകര്‍ച്ചയുടെ വക്കു വരെ എത്തേണ്ടി വന്ന സാഹചര്യവും എടുത്തു പറയേണ്ടതുണ്ട്. വോക്ക് (WOKE) എന്ന പേരിലൂടെ ‘അനീതിയും അസമത്വവും നടക്കുന്ന സമയം ഉറങ്ങി കിടക്കാതെ ഉണരൂ’ എന്നൊരു ആഖ്വാനവും ഉദ്ദേശവും ഇതിനുണ്ടെകിലും വോക്ക് സംസ്‌കാരം വലിയ വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പാത്രമാകുന്നുണ്ട്. അതിലൊന്ന് മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിനെ ഈ ആശയം നാശത്തിലേക്ക് നയിക്കുന്നുവെന്നതാണ്. (The woke culture that led Marvel and Hollywood to ruin)
വോക് സംസ്‌കാരത്തിന്റെ മുഖ്യ ലക്ഷ്യം സാമൂഹ്യ നീതി, പുരോഗതി, പരസ്പര ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്നാല്‍ അത് സിനിമയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് സ്ത്രീ വിരുദ്ധതക്കെതിരെ ശബ്ദമുയര്‍ത്തുക, ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുക, തിരശീലക്കുള്ളിലെയും പുറത്തെയും പുരുഷാധിപത്യം അവസാനിപ്പിക്കുക, വര്‍ണ്ണവെറിയും വൈറ്റ് സുപ്രീമസിയും തടയുക, വിവിധ വംശത്തിലുള്ള മനുഷ്യ വിഭാഗങ്ങള്‍ക്കും സവിശേഷമായ സാമൂഹിക വിഭാഗങ്ങള്‍ അഥവാ LGBTQ വില്‍ ഉള്‍പ്പെടുന്ന വൈവിധ്യ ജന്‍ഡറുകളില്‍ പെടുന്നവര്‍ക്കും സിനിമയില്‍ തുല്യ പ്രാതിനിധ്യം കൊടുക്കുക തുടങ്ങിയവയായിരുന്നു.
എന്നാല്‍ ഈ ആശയം സമൂഹത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് മനസിലാക്കിയ സിനിമയെ നിയന്ത്രിക്കുന്ന പല കോര്‍പറേറ്റുകളും ഫിലിം സ്റ്റുഡിയോകളും വോക്കിനെ തങ്ങളുടെഎന്റര്‍ടെയ്ന്‍മെന്റ് ബിസിനസിനെ കൂടുതല്‍ വ്യാപിപ്പിച്ചു ലാഭം കൊയ്യാനുള്ള ഒരു ആയുധമാക്കി മാറ്റുകയുണ്ടായി. തുടര്‍ന്ന് വന്ന ചെറുതും വലുതും ആയ പല സിനിമകളിലും അവര്‍ കഥയില്‍ ഇടപെട്ട് മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. പ്രത്യേക താലപര്യ പ്രകാരമുള്ള പ്രാതിനിധ്യങ്ങളുടെ ഒരു കുത്തൊഴുക്ക് ആയിരുന്നു പിന്നീട് അങ്ങോട്ട് . ഒരു ഘട്ടത്തില്‍ ഇവയുടെ സ്വഭാവം വളരെ എക്‌സ്ട്രീമായും ആയും മാറി. പുരുഷാധിപത്യത്തിന് എതിരെയുള്ള നിലപാടുകള്‍ പലപ്പോഴും പുരുഷ വിരുദ്ധതയിലേക്ക് രൂപം മാറി. ചില കഥകളില്‍ പുരുഷന്‍ – സ്ത്രീ എന്നത് തിന്മയും നന്മയുമെന്ന രീതിയില്‍ കാണാന്‍ സാധിച്ചു. കഥക്കും സന്ദര്‍ഭത്തിനും യോജിക്കാത്ത വണ്ണം തലങ്ങും വിലങ്ങും പല ജന വിഭാഗങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതായത് അമേരിക്കന്‍ ചലച്ചിത്രത്തില്‍ അമേരിക്കക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാവരെയും കാണാം. ജാപ്പനീസ്,കൊറിയന്‍,ഇന്ത്യന്‍,മെക്‌സിക്കന്‍ വിഭാഗങ്ങള്‍ ആണ് പൊതുവെ അവര്‍ക്ക് പകരം അഭിനയിക്കാറുള്ളത്. അമേരിക്കക്കാര്‍ ആണെങ്കില്‍ അവര്‍ ആഫ്രിക്കന്‍ അമേരിക്കന്‍സ് ആവും വൈറ്റ് അമേരിക്കന്‍ ആണെങ്കില്‍ അവര്‍ ഒരു സ്ത്രീയോ LGBTQ വിഭാഗമോ ആവും ഇനി അമേരിക്കന്‍ വെള്ളക്കാരന്‍ ആണെങ്കില്‍ അയാള്‍ അങ്ങേ അറ്റം മോശക്കാരനായ കഥാപാത്രം ആവും എന്ന അവസ്ഥ. ഒരു ഘട്ടത്തില്‍ ഈ സംസ്‌കാരം ആന്റി-അമേരിക്കന്‍ ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പരിധി വിട്ട് കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രങ്ങളിലേക്കും ഇവ കടന്നു കയറിയതും വിവാദമായി.
Read Also: വിധിയെ മുട്ടുകുത്തിച്ച സൂപ്പർമാൻ താരത്തിന്റെ കഥ
പൊതു സമൂഹത്തിന്റെ വികാരങ്ങളെ കൃത്യമായി ഉപയോഗിച്ചാണ് ഡിസ്‌നിയുടെ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് (MCU) എല്ലായ്‌പ്പോഴും വിജയം കൈവരിച്ചിരുന്നത്. PHASE 3 വരെ ഫാന്‍സിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യക്തമായി ആസൂത്രണം ചെയ്ത ഓര്‍ഡറും സര്‍ഗാത്മക വിഷയങ്ങളും കഥാപാത്രങ്ങളുടെ ARC ഉം ഒക്കെയായിരുന്നു. അവേഞ്ചേഴ്സ്: എന്‍ഡ് ഗെയിം എന്ന ചിത്രത്തോട് കൂടി പല കഥാപാത്രങ്ങള്‍ക്കും മികച്ചൊരു യാത്രയയപ്പും അവര്‍ നല്‍കി. എന്നാല്‍ ഫേസ് 4 മുതല്‍, വോക് കള്‍ച്ചറിന്റെ ആശയങ്ങള്‍ കൂടുതല്‍ പ്രാമുഖ്യത്തോടെ ഉള്‍പ്പെടുത്താന്‍ തുടങ്ങി. Inclusivity (തഴയപ്പെട്ടവരെ ഉള്‍പ്പെടുത്തല്‍) എന്ന ആശയം പ്രോത്സാഹിപ്പിക്കാന്‍ എംസിയു ശ്രമിച്ചു, എന്നാല്‍ ഇത് ചിലര്‍ക്ക് മനസ്സിലാക്കാനും അംഗീകരിക്കാനും ബുദ്ധിമുട്ടായിരുന്നു. കാരണം ഇതിലൂടെ മാര്‍വെലിനെ നയിക്കുന്ന ഡിസ്നിയുടെ ഉദ്ദേശ്യലക്ഷ്യം എത്രത്തോളം സംശുദ്ധമാണെന്നത് സംശയാസ്പദമായിരുന്നു.
മാത്രമല്ല ഡിസ്‌നിയുടെ കീഴില്‍ വരുന്ന മാര്‍വെലിലും, വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള സ്റ്റാര്‍ വാര്‍സ് സിനിമകളിലും ആനിമേറ്റഡ് ചിത്രങ്ങളിലും ചില കഥാപാത്രങ്ങളുടെ രൂപം, ഭാഷ, ലൈംഗികത എന്നിവ മാറ്റി മറിക്കുന്നതും വര്‍ഗീയതയുടെ പേരില്‍ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതും വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് വലിയ കല്ലുകടിയായി മാറിയിരുന്നു.പ്രശസ്തരായ സാങ്കല്‍പ്പിക പുരുഷ കഥാപാത്രങ്ങളുടെ എല്ലാം പെണ്‍ പതിപ്പുകളും, നിലവില്‍ ഉള്ള കൊക്കേഷ്യന്‍ കഥാപാത്രങ്ങളുടെ ഏഷ്യന്‍ പതിപ്പും ആഫ്രിക്കന്‍ പതിപ്പും എല്ലാം ഇടക്ക് ട്രെന്‍ഡായി മാറി. ഇവയെല്ലാം കൂട്ടത്തോടെ വലിയ പരാജയം ഏറ്റു വാങ്ങുകയും ചെയ്തു. മികച്ച കഥാപാത്ര സൃഷ്ട്ടിക്കും തിരക്കഥക്കും മുകളില്‍ അനാവശ്യ രാഷ്ട്രീയത്തിന് ഹോളിവുഡ് പ്രാധാന്യം നല്‍കുന്നുവെന്ന് തോന്നി തുടങ്ങിയ ഓഡിയന്‍സ് തീയേറ്ററുകളില്‍ നിന്ന് പിന്‍വലിയാന്‍ തുടങ്ങി. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഒടിടി പ്ലാറ്റുഫോമുകളിലും വോക്കിന്റെ അതിപ്രസരം ഉണ്ടായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വന്‍ തോതില്‍ പ്രതിഷേധം ഉണ്ടായി. അതിശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ക്കൊണ്ടും ജന്‍ഡറുകളെക്കൊണ്ടും സ്‌ക്രീന്‍ നിറഞ്ഞപ്പോള്‍ തീയേറ്ററുകള്‍ ശൂന്യമായി.
പിന്നീട് ഹോളിവുഡിനെ വീണ്ടുമൊരു സാമ്പത്തിക വിജയത്തിലേക്ക് മടക്കി കൊണ്ട് വരാന്‍ സാക്ഷാല്‍ ടോം ക്രൂസ് ‘ടോപ് ഗണ്‍ മാവെറിക്ക്’ എന്ന ചിത്രവുമായി അവതരിക്കേണ്ടി വന്നു. Woke കാഴ്ചപ്പാടിന്റെ ആരംഭ സമയത്തെ സംഭാവനകളും ഉദ്ദേശ്യവും മറക്കാനാവില്ല, എന്നാല്‍ തിരുകി കയറ്റിയതും നിര്ബന്ധിതവുമായ ഇത്തരം പുരോഗമനപരമെന്ന രീതിയില്‍ ഉത്ഭവിച്ച്, തീവ്ര ഇടത് ചിന്തകള്‍ ആയി മാറുന്ന ആശയങ്ങള്‍ സിനിമയുടെയും കലയുടെയും സര്‍ഗാത്മകതക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വിലങ്ങ് ഇടുന്നു എന്നാണ് ചില സിനിമ നിരീക്ഷകരുടെ അഭിപ്രായം.
Story Highlights : The woke culture that led Marvel and Hollywood to ruin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here