Advertisement

കോടതി മുറിയിലെ നാടകീയരംഗങ്ങൾ; ബല പ്രയോഗത്തിലൂടെ അറസ്റ്റ്; ഏഴര വർഷം ജയിലിൽ; പൾസർ സുനി പുറത്തേക്ക്‌

September 20, 2024
Google News 1 minute Read

കൊച്ചിയിൽ നടിയ ആക്രമിച്ച കേസിൽ ഏഴര വർഷത്തിന് ശേഷം ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതാനകുന്നു. 2017 ഫെബ്രുവരി 23 മുതൽ സുനി ജയിലിൽ കഴിയുകയായിരുനന്നു. 2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. അങ്കമാലി അത്താണിക്കു സമീപം വച്ച് മറ്റൊരു വാഹനം നടി സ‍ഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിപ്പിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവ ശേഷം ഒളിവിൽ പോയ പൾസർ സുനി എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു, കോടതി മുറിയിൽ വച്ച് പൊലീസുകാർ ബല പ്രയോഗത്തിലൂടെ പിടികൂടി സുനിയെ അറസ്റ്റ് ചെയ്‌തത്. ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പടെ ആറു പ്രതികൾക്കെതിരെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികൾ.

കേസിൽ അറസ്റ്റിലായതിന് ശേഷം 2017 മാർച്ച് 10ന് പൾസർ സുനിയെ റിമാൻഡ് ചെയ്തു. പിന്നീട് പിതാവിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ഏതാനും മണിക്കൂറുകൾ പുറത്തിറങ്ങിയത് ഒഴിച്ചാൽ അന്നു മുതൽ പൾസർ സുനി ജയിലിലാണ്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. 2017 ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തത്. എന്നാൽ 85 ദിവസത്തെ ജയിൽ വാസത്തിനൊടുവിലായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനുള്ളത് പൾസർ സുനി മാത്രമായിരുന്നുള്ളത്.

Read Also: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് കർശന ഉപാധികളോടെ ജാമ്യം

ജാമ്യത്തിനായി പത്തു ഹർജികളാണ് പൾസർ സുനി സമർപ്പിച്ചത്. തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി ഇരുപത്തിഅയ്യായിരം രൂപ പിഴയിടുന്ന സാഹചര്യം വരെയുണ്ടായി. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന സംശയവും കോടതി അന്ന് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർ‌ന്നായിരുന്നു ഹർജിയുമായി പൾസർ സുനി സുപ്രിംകോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് തനിക്ക് ലഭിക്കുന്നതെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. താൻ ജയിലിൽ കഴിയുകയും കേസിലെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടൻ ജാമ്യത്തിൽ കഴിയുന്നത് വൈരുധ്യമുള്ള കാഴ്ചയാണെന്നും പൾസർ സുനി സുപ്രിംകോടതിയിൽ പറഞ്ഞു.

തുല്യനീതിയുടെ ലംഘനമാകില്ലേ ഇനി ജാമ്യം നൽകിയില്ലെങ്കിൽ എന്ന് ചോദിച്ചായിരുന്നു പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം ജാമ്യം നിഷേധിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പ് മരകടന്നാണ് ജാമ്യം നൽകാനുള്ള തീരുമാനം. കർശന ജാമ്യ വ്യവസ്ഥയോടെയാണ് പൾസർ‌ സുനി പുറത്തേക്കിറങ്ങുന്നത്. ഏഴര വർഷം പിന്നിടുമ്പോഴും അസാധാരണമായ കേസായി നടിയെ ആക്രമിച്ച കേസ് തുടരുകയാണ്.

Story Highlights : Actress attack case Pulsar Suni bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here