Advertisement

കൂട്ട പേജർ പൊട്ടിത്തെറിക്ക് പിന്നിലെ സാങ്കേതിക വിദ്യ അജ്ഞാതം, നടന്നത് മാസങ്ങളോളം നീണ്ട ആസൂത്രിത ആക്രമണം?

September 20, 2024
Google News 1 minute Read
pager attack on Hezbollah

ലെബനനിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചതിന് പിന്നിൽ മാസങ്ങളോളം നീണ്ട ആസൂത്രണം. എന്നാൽ ആക്രമണത്തിന് പിന്നിൽ ഉപയോഗിച്ച സാങ്കേതിക വിദ്യ ഇപ്പോഴും അജ്ഞാതമായി തുടരുന്നു. പേജറുകൾക്ക് അകത്ത് സ്ഫോടകവസ്തു നേരത്തെ നിറച്ചിരിക്കാമെന്നതാണ് ഒരു പ്രധാ സംശയം.

ഹിസ്ബുള്ളയുടെ പ്രഖ്യാപിത ശത്രുവായതിനാലാണ് ഇസ്രയേലിന് നേരെ സംശയത്തിൻ്റെ മുന നീളാനുള്ള പ്രധാന കാരണം. അവരുടെ രഹസ്യാന്വേഷണ ഏജൻസി മൊസാദിൻ്റെ കൂർമ്മബുദ്ധിയെ കുറിച്ചുള്ള പൊതുബോധവും മറ്റൊരു കാരണമാണ്. അതേസമയം ആക്രമണത്തിന് പേജറുകൾ ഉപയോഗിച്ചതാണ് ഇതിലെല്ലാം വലിയ സർപ്രൈസ്. മൊബൈൽ ഫോണിനേക്കാൾ സുരക്ഷിതമെന്ന് പൊതുവേ കരുതപ്പെട്ട ചെറിയ ടെക്നോളജി ഉപകരണമാണ് ഈ നിലയിൽ ആക്രമണത്തിൻ്റെ കരുവാക്കപ്പെട്ടത്.

മൊബൈൽ ഫോണിനൊക്കെ മുൻപ് കണ്ടുപിടിച്ച കൈയ്യിൽ കൊണ്ടുനടക്കാൻ സാധിക്കുന്ന ആശയ വിനിമയ ഉപകരണമാണ് പേജർ. മൊബൈൽ ഫോണുകളിലെ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പേജർ തീർത്തും നിസാരമെന്ന് തോന്നാം. ഒരൊറ്റ വാക്യം മാത്രമുള്ള സന്ദേശങ്ങൾ സ്വീകരിക്കാൻ മാത്രമേ ഈ പേജർ ഉപകരിക്കൂ. നിർദ്ദേശങ്ങൾ നൽകാനുള്ള ഉപാധിയായാണ് ഹിസ്ബുള്ള ഇതിനെ കണ്ടിരുന്നത്. മൊബൈൽ ഫോണിന് മുൻപുള്ള കാലത്ത് ജനങ്ങൾക്കിടയിൽ ഏറെ പ്രചാരം നേടിയതും വ്യാപകമായി ഉപയോഗിക്കപ്പെട്ടതുമായ ഉപകരണം കൂടിയാണിത്.

1950 കളിൽ കണ്ടുപിടിക്കപ്പെട്ട പേജർ, പാശ്ചാത്യ രാജ്യങ്ങളിൽ 80ളിലും 90കളിലും ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിൽ ഇത് പ്രചാരത്തിലെത്തിയത് 1995 നും 2000 ത്തിനും ഇടയിലായിരുന്നു. അപ്പോഴേക്കും സാങ്കേതിക വിദ്യ കൂടുതൽ വികാസം പ്രാപിച്ചു.

റേഡിയോ തരംഗങ്ങൾ വഴിയാണ് പേജറുകളിലേക്ക് സന്ദേശം അയക്കുന്നത്. ഓരോ പേജറിനും ഓരോ നമ്പറുണ്ടാകും. ഒന്നിലധികം പേജറുകളിലേക്ക് ഒരുമിച്ചും സ്വകാര്യ സന്ദേശവും ഇതിലൂടെ അയക്കാനാവും. പേജറുകളുടെ ലൊക്കേഷൻ കണ്ടെത്താനാവില്ലെന്നതാണ് ഹിസ്ബുള്ള ഇതുപയോഗിക്കാനുള്ള തീരുമാനത്തിന് കാരണം. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ വരെ ഇവ പ്രവർത്തിക്കും. പുത്തൻ പുതിയ പേജറുകളിൽ വരെ വളരെ കുറച്ച് ഇലക്ട്രോണിക് ഘടകങ്ങൾ മാത്രമേയുള്ളൂ.

ഇതൊക്കെയാണ് പൊട്ടിത്തെറിച്ച പേജറുകൾ തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയിൽ നിന്ന് പുതുതായി വാങ്ങിയതാവാമെന്ന സംശയത്തിന് പിന്നിൽ. ഹങ്കറിയിൽ നിന്നുള്ള മറ്റൊരു കമ്പനി ബിഎസിയാണ് തങ്ങൾക്ക് പേജറുകൾ നിർമ്മിച്ച് നൽകിയതെന്നും ഇവയ്ക്ക് മുകളിൽ എഴുതിയിരിക്കുന്ന ബ്രാൻ്റ് മാത്രമേ തങ്ങളുടേതായുള്ളൂവെന്നും തായ്‌വാൻ കമ്പനി പറയുന്നു. ഹങ്കറിയിലെ കമ്പനിയെ തിരഞ്ഞുപോയവർക്ക് ബുഡാപെസ്റ്റിലെ ജനവാസ മേഖലയിലെ ഒരു ആളൊഴിഞ്ഞ കെട്ടിടം മാത്രമാണ് കണ്ടെത്താനായത്.

ആരോപണങ്ങളോട് ഇതുവരെ പ്രതികരിക്കാത്ത രണ്ട് പേർ ഒന്ന് ഇസ്രയേലും രണ്ട് ഹങ്കറിയിലെ ബിഎസിയെന്ന കമ്പനിയുമാണ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലെ സംഘർഷത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹമാസ് നടത്തിയ ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ഈ ശത്രുത ഒന്നുകൂടി വർധിച്ചു. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോഴാണ് കൂർമ്മബുദ്ധിക്ക് പേരുകേട്ട മൊസാദ് എന്ന ഇസ്രയേൽ ചാര സംഘടന ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണിത് എന്ന ആരോപണം ബലപ്പെട്ടത്. എങ്കിലും വസ്തുതാപരമായി ഇത് തെളിയിക്കുന്ന ഒന്നും ഇനിയും പുറത്തുവന്നിട്ടില്ല.

Story Highlights : Lebanon attacks: Why do people still use pagers?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here