പുഷ്പ 2-വില്‍ അല്ലു അർജുനൊപ്പം ഡേവിഡ് വാർണറുടെ കാമിയോ; സൂചന നൽകി സിനിമ പ്രവർത്തകർ
പുഷ്പ 2 വിൽ ഡേവിഡ് വാർണർ അതിഥി വേഷത്തിൽ എത്തിയേക്കും. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നതെന്നും ഈ ഷെഡ്യൂളിലാണ് വാര്‍ണര്‍ ഭാഗമായിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 വിലെ ഗാനത്തിന് ഡേവിഡ് വാർണർ ചുവടുവെച്ച വിഡിയോ വെെറലായതിനൊപ്പം വാര്‍ത്തകളിലും ഇടം നേടിയിരുന്നു. ഇതടക്കം വാര്‍ണറിന്‍റെ ഒട്ടുമിക്ക വിഡിയോകള്‍ക്കും അല്ലു അർജുന്‍ കമന്‍റുമായി എത്താറുണ്ട്.പുഷ്പ വീഡിയോക്ക് പിന്നാലെ വാര്‍ണറും അല്ലുവിനൊപ്പം സിനിമയിലെത്തണമെന്ന ആവശ്യവുമായി ക്രിക്കറ്റ്-സിനിമാ ആരാധകരും വന്നിരുന്നു.
ഇപ്പോള്‍ ഈ ആരാധകരെ ആവേശത്തിലാറാടിക്കുന്ന ചില സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ.പി.എല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള സ്നേഹവും തുടങ്ങുന്നത്.പല ഇന്ത്യന്‍ സിനിമാപ്പാട്ടുകളും രംഗങ്ങളും റിക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ക്ക് ആരാധകരേറെയാണ്. സണ്‍റെെസേഴ്സ് ഹെെദരാബാദിനായി വലിയ നേട്ടങ്ങള്‍ കൊയ്തതിനൊപ്പം സൗത്ത് ഇന്ത്യന്‍ ആരാധകരെയും അദ്ദേഹം ഇങ്ങനെ കയ്യിലെടുത്തിരുന്നു.
അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം 2021-ലെ ബ്ലോക്ക്ബസ്റ്ററായിരുന്നു. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം ഇന്ത്യയിലെങ്ങും ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ‘പുഷ്പ: ദ റൂൾ’ എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡിസംബർ ആറിനാണ് നിലവില്‍ ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Story Highlights : david warner to become fire brand in pushpa 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here