ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പിതാവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും
ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിതാവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തുടരന്വേഷണത്തിൻ്റെ ഭാഗമായി കുട്ടിയുടെ പിതാവിൻ്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക.
അന്വേഷണം തൃപ്തികരമല്ലെന തരത്തിൽ പിതാവിൻ്റെ പരാമർശം ഒരു മാധ്യമം പുറത്ത് വിട്ടിരുന്നു.
ഇതേ തുടർന്നാണ് തുടരന്വേഷണത്തിന് റൂറൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം അന്വഷണ സംഘം പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.അന്വേഷണത്തിൽ തുപ്തനാണെന്നും തൻ്റെ സ്വകാര്യ സംഭാഷണം വളച്ചൊടിച്ചതാണെന്നുമാണ് പിതാവ് മൊഴി നൽകിയത്.
കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്താനാണ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നു. എന്നാൽ അന്വേഷണം മൂന്നു പേരിൽ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ പുളിയറിയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), ഭാര്യ എം ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെ പിടികൂടിയത്.
Story Highlights : Father’s secret statement will be recorded Oyoor Abduction Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here