Advertisement

സംസ്കാര വിവാദത്തിനിടെ എം എം ലോറൻസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

September 23, 2024
2 minutes Read
lawrens

സിപിഐഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ നാടീകയമായ സംഭവികാസങ്ങളാണ് നടന്നത്.

ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രം​ഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിൽക്കുന്ന സാഹചര്യവും ടൗൺഹാളിൽ ഉണ്ടായി. മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മകൾ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് കളമശ്ശേരി മെഡിക്കൽ കോളേജ് ആണെന്നും ഹെെക്കോടതി വ്യക്തമാക്കിയത്.

Read Also: എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച് മകള്‍; സിപിഐഎം മൂര്‍ദ്ദാബാദെന്ന് മുദ്രാവാക്യം വിളി; ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍

മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ അച്ഛൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാരോപിച്ച് ഇളയമകൾ ആശ ലോറൻസ് രംഗത്തെത്തിയത്. ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു ഹർജിക്കാരിയായ മകളുടെ ആവശ്യം.

ഇപ്പോഴിതാ മകള്‍ ആശയെ കുറിച്ച് മൂന്ന് വർഷം മുൻപ് എംഎം ലോറന്‍സ് ആശുപത്രിയിൽ വെച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്ന മകള്‍ തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.

4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, ‘മകൾ’ എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ
ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.

എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.

തോട്ടി തൊഴിലാളികൾ മുതൽ വ്യവസായ മേഖലയിലെ തൊഴിലാളികളെ വരെ സംഘടിപ്പിക്കുകയും അവകാശങ്ങൾ നേടാൻ പ്രാപ്തരാക്കുകയും ചെയ്ത നേതാവായിരുന്നു എംഎം ലോറൻസ്. ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 21ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേതാവിന്റെ വേർപാടിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Story Highlights : MM Lawrence facebook post viral about his daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top