‘എം.മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണം, സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുത്’; ആനി രാജ
എം മുകേഷിനെ എംഎൽഎ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. സിപിഐക്കാരി എന്ന നിലയിലും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്ന നിലയിലുമാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആനി രാജ ട്വന്റിഫോറിനോട് പറഞ്ഞു. സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതല്ലേ എന്നാണ് എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്ന് പറയുന്നവരോട് ചോദിക്കാനുള്ളതെന്നും ആനി രാജ പറഞ്ഞു.
ഇന്ന് ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു . പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് എസ്ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുകേഷ് മടങ്ങി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തണമെന്നതാണ് പ്രധാന വ്യവസ്ഥ.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടര്‍ന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുകേഷ്, മണിയന്‍പിള്ള രാജു, അഡ്വ. ചന്ദ്രശേഖര്‍ അടക്കമുള്ള ഏഴ് പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി ഉന്നയിച്ചത്. 2009-ലാണ് സംഭവം നടന്നതെന്നാണ് നടി പറഞ്ഞത്.
Story Highlights : Annie Raja demand for Mukesh’s resignation from MLA post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here