സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; വിമാനത്താവളങ്ങളില്‍ പരിശോധന
ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രത്യേക അന്വേഷണസംഘം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും അറസ്റ്റ് ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിര്‍ദേശം നല്‍കി. ഒളിവില്‍ കഴിയുന്ന സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. (special investigation team may arrest siddique in rape case soon)
ഒളിവിലുള്ള സിദ്ദിഖിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിമാനത്താവളങ്ങളില്‍ എല്‍ഒസിയും ഇറക്കിയിട്ടുണ്ട്. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.
സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. 2016 ജനുവരി 27ന് രാത്രി 12 മണിക്കാണ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെത്തുന്നത്. 28ന് വൈകിട്ട് 5 മണിവരെ സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും ഇതേസമയം ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
മസ്‌കറ്റ് ഹോട്ടലിലെ 101B എന്ന മുറിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ജനലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്നായിരുന്നു നടിയുടെ മൊഴി. ഇത് പൊലീസ് സംഘം 101Bയിലെത്തി സ്ഥിരീകരിച്ചിരുന്നു. സിദ്ദിഖ് അന്ന് ചോറും മീന്‍കറിയും തൈരുമാണ് കഴിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് അന്വേഷണസംഘം ഇതിന്റെ ബില്ലുകളും കണ്ടെത്തിയിട്ടുണ്ട്.
Story Highlights : special investigation team may arrest siddique in rape case soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here