‘ഈ നെക്‌സസ് നമ്മുക്ക് തകര്‍ക്കണം, കാലുവെട്ടിയാലും വീല്‍ ചെയറില്‍ ഞാന്‍ വരും’; കരുത്തുകാട്ടി പി വി അന്‍വര്‍
വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ ഉന്നതര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് സഹായം ചെയ്യുന്നുവെന്നും ആരോപണം ഉന്നയിച്ച് ആയിരങ്ങളെ സാക്ഷിയാക്കി കരുത്തുകാട്ടി പി വി അന്‍വര്‍. തന്നെ ഉപദ്രവിക്കാന്‍ നോക്കിയാലും കാലുവെട്ടിയാലും വീല്‍ ചെയറില്‍ ഇരുന്ന് വരെ രാഷ്ട്രീയത്തിലെ ഈ നെക്‌സസിനെ കുറിച്ച് താന്‍ സംസാരിക്കുമെന്ന് പി വി അന്‍വര്‍ നിലമ്പൂരിലെ വേദിയില്‍ പറഞ്ഞു. ഒരു അന്‍വര്‍ ഇല്ലെങ്കില്‍ മറ്റൊരു അന്‍വര്‍ ഉണ്ടാകും. ജനങ്ങള്‍ തന്നോടൊപ്പം നിന്നാല്‍, മനുഷ്യര്‍ ഒന്നിച്ചാല്‍ ഈ നെക്‌സസ് തകര്‍ക്കാന്‍ സാധിക്കും. താന്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടാക്കില്ലെന്നും ജനങ്ങള്‍ ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടിയായാല്‍ അതിനൊപ്പം ചേര്‍ന്ന് താന്‍ മുന്നില്‍ നില്‍ക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. (P V anvar against Pinarayi vijayan Nilambur )
വിപ്ലവ സൂര്യനെന്ന് വിളിച്ച് അത്യധികം ആവേശത്തോടെയാണ് ജനങ്ങള്‍ രണ്ടുമണിക്കൂറോളം നീണ്ട അന്‍വറിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നും പേടിച്ച് മാളത്തിലിരിക്കാന്‍ വേറെ ആളെ നോക്കണമെന്നും ജനങ്ങളെ സാക്ഷിയാക്കി അന്‍വര്‍ പറഞ്ഞു. എഡിജിപിയുടെ അനധികൃത സ്വത്തുക്കളെക്കുറിച്ചും ആര്‍എസ്എസ് കൂട്ടുകെട്ടിനെ കുറിച്ചും തെളിവുകള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ എഡിജിപിയെ സംരക്ഷിച്ചുവെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
കേരളം വെള്ളരിക്കാപ്പട്ടണം ആയെന്നും മാമി തിരോധനത്തിലും റിദാന്‍ വധക്കേസിലും ഉള്‍പ്പെടെ വീഴ്ചകളുണ്ടായെന്നും പൊലീസ് സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നുവെന്നും ഉള്‍പ്പെടെയുള്ള മുന്‍ ആരോപണങ്ങള്‍ അന്‍വര്‍ ഇന്നും ആവര്‍ത്തിച്ചു. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: 3 മണിക്കൂറിന് ശേഷം SAT ആശുപത്രിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു; സംഭവം വിശദമായി അന്വേഷിക്കും
എത്ര വിദഗ്ധമായി സ്വര്‍ണം പാക്ക് ചെയ്താലും കസ്റ്റംസിന്റെ കൈയിലുള്ള യന്ത്രത്തില്‍ ഇത് ഡിറ്റക്ട് ചെയ്യുമെന്ന് അന്‍വര്‍ പറയുന്നു. എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും ഇതിന് കണ്ണടച്ചുകൊടുക്കുന്നു. തുടര്‍ന്ന് സുജിത് ദാസിന്റെ പൊലീസ് ഇത് പിടിക്കുകയും കൊണ്ടുപോയി ഉരുക്കുകയും ചെയ്യും. സ്വര്‍ണപ്പണിക്കാരാന്‍ ഉണ്ണി ധനികനായത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ പൊലീസിന് ഇത് കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് അന്‍വര്‍ പറഞ്ഞു. ‘ ഞാന്‍ പുറത്തുവിട്ട വിഡിയോയിലെ ക്യാരിയേഴ്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ. അവരോട് അന്വേഷിച്ചോ. ഇല്ലല്ലോ. ഇപ്പോള്‍ അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിലാണ് കേസ്. നടക്കട്ടേ. നമ്മുക്ക് നോക്കാം. അന്‍വര്‍ പറഞ്ഞു. കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലാണെന്നും പൊലീസില്‍ 25% ക്രിമിനലുകളാണെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഐഎം നേതാവ് ഇ എ സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്. മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു.
Story Highlights : P V anvar against Pinarayi vijayan Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here