‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി, സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ ശ്രമം’; പി.വി അൻവറിനെതിരെ കേസ്
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ പി.വി.അൻവർ ശ്രമിച്ചു എന്നാണ് പരാതി. ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും.
‘പൊതുസുരക്ഷയെ ബാധിക്കത്ത വിധത്തിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നു കയറി ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയും ഉണ്ടാകുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’–എഫ്ഐആറിൽ പറയുന്നു.
എൽഡിഎഫ് വിട്ട അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് കേസെടുത്തത്. അൻവറിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയായി കേസ്.
Story Highlights : Phone tapping case: Police file case against MLA Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here