സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; ഇരുവര്‍ക്കുമായി സീറ്റ് ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ഇരുവര്‍ക്കുമായുള്ള സീറ്റുകള്‍ ഒഴിച്ചിട്ടുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഫ്‌ളോറിഡയിലെ കേപ് കനാവെറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്നു. നാസയുടെ ബഹിരാകാശ യാത്രികരായ നിക് ഹേഗും, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗോര്‍ബുനോവും നിലവില്‍ പേടകത്തിലുണ്ട്. ഇതുവരും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ എത്തിച്ചേരും. ബുച്ചിനെയും സുനിതയെയും കൊണ്ട് ഫെബ്രുവരിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി.
നേരത്തെ സുനിതയും ബുച്ചുമില്ലാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ ലാന്‍ഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഏകാന്തമായി സ്റ്റാര്‍ലൈനറിന്റെ മടക്കം.
Story Highlights : SpaceX Crew-9 Launches To Bring Home Starliner Astronauts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here