Advertisement

തെറ്റായ വ്യാഖ്യാനം; ‘ദി ഹിന്ദു’ പത്രാധിപകർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

October 1, 2024
Google News 2 minutes Read
letter

‘ദി ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഈ അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആശങ്കകൾ ഉണ്ടെന്നും ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് അയച്ച കത്തിൽ വ്യക്തമാക്കി.

അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. തെറ്റായ വ്യാഖ്യാനം വിവാദത്തിന് ഇടയാക്കിയെന്ന് കത്തില്‍ പറയുന്നു.

കത്തിന്റെ പൂർണരൂപം ഇങ്ങനെ-

“കേരളത്തിൽ എപ്പോഴും ആർഎസ്എസിനെയും ഹിന്ദുത്വ ശക്തികളെയും സിപിഐഎം ശക്തമായി എതിർത്തിട്ടുണ്ട്” എന്ന തലക്കെട്ടിൽ 2024 സെപ്റ്റംബർ 30 ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഞങ്ങൾക്ക് ഗുരുതരമായ ആശങ്കകളുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളിൽ.

താഴെപ്പറയുന്ന വിഭാഗം, പ്രത്യേകിച്ചും, പൊതുവിവാദത്തിന് പ്രേരകമായി, മുഖ്യമന്ത്രിയുടെ വീക്ഷണങ്ങളെ തെറ്റായി ചിത്രീകരിച്ചു: “ഉദാഹരണത്തിന്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 123 കോടി രൂപ മൂല്യം വരുന്ന 150 കിലോ സ്വർണവും ഹവാല പണവും മലപ്പുറം ജില്ലയിൽനിന്ന് സംസ്ഥാന പൊലീസ് പിടിച്ചെടുത്തു. ഈ പണം രാജ്യവിരുദ്ധ,ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് കേരളത്തിൽ പ്രവേശിക്കുന്നത്. നിങ്ങൾ പരാമർശിക്കുന്ന ആരോപണങ്ങൾ ഞങ്ങളുടെ സർക്കാരിൻ്റെ അത്തരം നടപടികളോടുള്ള പ്രതികരണമാണ്.

അഭിമുഖത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന പദങ്ങൾ ഉപയോഗിക്കുകയോ മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടും കേരള സർക്കാരിൻ്റെ നിലപാടും ഈ പ്രസ്താവനകൾ പ്രതിഫലിപ്പിക്കുന്നില്ല. ഈ പ്രസ്താവനകളുടെ തെറ്റായ ആട്രിബ്യൂട്ട് അനാവശ്യ വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായി.

പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയിൽ, ഈ സെൻസിറ്റീവ് വിഷയത്തിൽ വ്യക്തത പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഈ വിഷയത്തെ ഉടനടിയും പ്രാധാന്യത്തോടെയും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന ഒരു വ്യക്തത പൊതുധാരണ പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിനും നിർണായകമാകും.

അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് നേരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമടക്കമുള്ള സംഭവങ്ങൾ അരങ്ങേറിയിരുന്നു. മലപ്പുറം ജില്ലയെ ആക്ഷേപിച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ച് വോട്ട് കിട്ടാത്തതുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ആർഎസ്എസ് ബാന്ധവം പുറത്തായതിൻ്റെ ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പം ഇല്ലെന്ന തിരിച്ചറിവിലാണ് സിപിഐഎം ഇപ്പോൾ അവരെ വർഗീയവാദികളും മാഫിയകളുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയാണ്. സ്വന്തം അണികളെ പിടിച്ചു നിർത്താൻ ആണ് മുഖ്യമന്ത്രിയുടെ പരാമർശം എന്നും കെ സുധാകരൻ ആക്ഷേപിച്ചു.

Story Highlights : Chief Minister’s Office sent a letter to the editors of ‘The Hindu’news papper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here