ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബെംഗളുരു ഇന്ന് ചെന്നൈക്കെതിരെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഐപിഎല്ലില്‍ വിരാട് കോലിയും എം.എസ് ധോണിയും നേര്‍ക്കുനേര്‍ വരുന്ന അപൂര്‍വ്വ പോരാട്ടം കൂടിയായി ഈ മത്സരം മാറിയേക്കും. കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു ഒരുങ്ങുന്നത്. ശേഷിക്കുന്ന നാല് മത്സരങ്ങളിലെങ്കിലും വിജയിച്ച് മാനം കാക്കണം എന്ന ആഗ്രഹത്തിലാണ് ചെന്നൈ താരങ്ങള്‍. തീര്‍ത്തും ദുര്‍ബലമായ ബാറ്റിങ് പ്രകടനമായിരുന്നു ഈ സീസണില്‍ ചെന്നൈ നടത്തിയത്.
പഞ്ചാബുമായുള്ള കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സാം കറനും 200 റണ്‍സ് പിന്നിട്ട ഒരേയൊരു ബാറ്ററായ ശിവം ദുബെയും മാത്രമാണ് ധോണിയുടെ സംഘത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. അതേ സമയം ബെംഗളുരു പതിനാല് പോയിന്റുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ്. ഈ സീസണില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള വിരാട് കോലിയുടെ മികച്ച ഫോമാണ് ടീമിന്റെ കരുത്ത്. ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ രജത് പാട്ടിദാറും ടിം ഡേവിഡും മികച്ച പിന്തുണ നല്‍കിയാല്‍ ചിന്നസ്വാമിയില്‍ അസാധ്യമായ സ്‌കോറിലേക്ക് എത്താന്‍ ബെംഗളുരുവിന് ആകും. എന്നാല്‍ മറ്റൊരു ട്വിസ്റ്റ് കൂടി മത്സരത്തില്‍ പ്രതീക്ഷിക്കണം. ഈ സീസണില്‍ ചെപ്പോക്കില്‍ നിന്നേറ്റ 50 റണ്‍സ് തോല്‍വിക്ക് പകരം വീട്ടുകയാണ് ചെന്നൈയുടെ ലക്ഷ്യമെങ്കില്‍ മത്സരം തീപാറും. 2008-ലെ ആദ്യ സീസണിലെ വിജയമൊഴിച്ചാല്‍ പിന്നീട് ഈ സീസണിലാണ് ചെന്നൈക്കെതിരെ ചെപ്പോക്കില്‍ വിജയം നേടുന്നത്.
Story Highlights: RCB vs CSK in Indian Premier League 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here