Advertisement

തെരുവിൽ ഭിക്ഷയാചിച്ച പെൺകുട്ടിയിൽ നിന്ന് ഡോക്ടറിലേക്ക്; ഇത് പിങ്കിയുടെ പോരാട്ടത്തിന്റെ കഥ

October 4, 2024
2 minutes Read
oo

തെരുവിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണം ആർത്തിയോടെ വാരികഴിക്കുന്ന കൊച്ചു പെൺകുട്ടി. പിങ്കി ഹരിയനെ ടിബറ്റന്‍ സന്യാസിയും ധര്‍മ്മശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്‌സാങ് ജാംയാങ് ആദ്യമായി കാണുന്നത് ഇങ്ങനെയാണ്. ഈ കാഴ്ച അദ്ദേഹത്തിന്റെ മനസ്സ്‌പിടിച്ചു കുലുക്കി. പെൺകുട്ടിയെ കണ്ടെത്തണമെന്നും അവളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തണമെന്നും അദ്ദേഹം തീരുമാനിച്ചു. പിന്നീട് ആ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലായിരുന്നു. ലോബ്‌സാങിന്റെ അന്വേഷണം ചെന്നെത്തിനിന്നത് ചരണ്‍ ഖുദിലെ ഒരു ചേരിയിലാണ്.

അയാൾ അവിടെ അവളുടെ മാതാപിതാക്കളെ കണ്ടു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും മകളെ പഠിക്കാൻ വിടുന്നതിനെക്കുറിച്ചും അവരോട് സംസാരിച്ചു. മണിക്കൂറുകൾ എടുത്തു ആ സാധുക്കളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ. ഒടുവിൽ അവർ സമ്മതം മൂളി. ഇതായിരുന്നു പിങ്കി ഹരിയന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.

ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ ഹരിയൻ എന്ന നാല് വയസുകാരി പ്രവേശനം നേടി, 2004 ൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധന കുട്ടികൾക്കായി സ്ഥാപിച്ച ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയായിരുന്നു ഹരിയൻ. ആദ്യഘട്ടങ്ങളിൽ മാതാപിതാക്കളെ വിട്ടുനിൽക്കുന്ന വിഷമം ഏറെ വേട്ടയാടിയെങ്കിലും ദാരിദ്ര്യത്തിൽ നിന്നും കരകയറാനുള്ള ഒരു മാർഗമായി അവൾ വിദ്യാഭ്യാസത്തെ കാണാൻ തുടങ്ങിയിരുന്നു. അതിനായി രാവും പകലുമില്ലാതെ പഠിച്ചുകൊണ്ടിരുന്നു. മികച്ച മാർക്കോടെ പരീക്ഷകളിൽ പാസായി. സീനിയര്‍ സെക്കന്ററി പൂർത്തിയാക്കിയ ഹരിയന്‍ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റും ഉയർന്ന മാർക്കിൽ പാസായി.

തുടർപഠനത്തിനായുള്ള ഫീസ് എങ്ങിനെ സംഘടിപ്പിക്കും എന്നുള്ളതായിരുന്നു അവൾക്ക് മുന്നിലെ മറ്റൊരു ചോദ്യം. കോളേജുകളിലെ അമിത ഫീസ് സ്വപ്നങ്ങൾക്ക് തടസമായി. എന്നാൽ യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ, 2018 ൽ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കൽ കോളേജിൽ പിങ്കി ഹരിയൻ പ്രവേശനം നേടി. എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കി അടുത്തിടെ ധർമ്മശാലയിൽ അവൾ തിരിച്ചെത്തി, തന്റെ വഴികാട്ടിയായ ലോബ്‌സാങ്ങിനെ കാണാൻ.

”20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഡോക്ടറായി താൻ ഇവിടെ എത്തിനിൽക്കുമ്പോൾ അഭിമാനം തോന്നുകയാണ്.ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ ഒരു പോരാട്ടമായിരുന്നു ഞാൻ നടത്തിയത്. സ്‌കൂളിൽ എത്തിയപ്പോൾ ജീവിതത്തിൽ വിജയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.അതിന് എന്നെ സഹായിച്ചത് എന്റെ പശ്ചാത്തലമായിരുന്നു.

നാല് വയസ്സുള്ളപ്പോൾ സ്‌കൂൾ അഡ്മിഷൻ ഇൻ്റർവ്യൂവിൽ ഡോക്ടറാകാനുള്ള തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ സമയത്ത്, ഒരു ഡോക്ടർ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷേ എൻ്റെ സമൂഹത്തെ സഹായിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു”.

ഇപ്പോൾ ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ യോഗ്യത പരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് (എഫ്എംജിഇ) തയ്യാറെടുക്കുകയാണ് ഹരിയൻ. അവളുടെ സഹോദരനും സഹോദരിയും ഇതേ സ്കൂളിൽ തന്നെ പഠിക്കുകയാണിപ്പോൾ.

Story Highlights : Journey of a Child Beggar who Became Doctor Pinki Haryan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top