Advertisement

‘ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണണം’; ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി

October 4, 2024
Google News 2 minutes Read

ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. മേഖലയിലെ നിലവിലെ സാഹചര്യം ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും സംയമനം പാലിക്കാൻ എല്ലാവരും തയാറാവണമെന്നും ദോഹയിൽ നടന്ന മൂന്നാമത് ഏഷ്യൻ കോ ഓപ്പറേഷൻ ഡയലോഗ് (എസിഡി ) ഉച്ചകോടിയിൽ അദ്ദേഹം അഭ്യർഥിച്ചു.

പ്രാദേശിക സഹകരണവും ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം ഉച്ചകോടികൾ ഏറെ സഹായകരമാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഉച്ചകോടിക്കായി ‘സ്പോർട്സ് ഡിപ്ലോമസി’ എന്ന വിഷയം തെരഞ്ഞെടുത്തതിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രാഷ്ട്രങ്ങൾക്കിടയിൽ പാലം പണിയുന്നതിൽ കായിക വിനോദങ്ങൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇത്തരം ഉച്ചകോടികൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് വ്യക്തമാക്കി.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ഷൻ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, പുനരുപയോഗം ഊർജ്ജം തുടങ്ങി ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടുകൾ അദ്ദേഹം വിശദീകരിച്ചു. രണ്ടാമത് എസിഡി ബിസിനസ് ഫോറത്തിൽ ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളെ കുറിച്ചും വളർച്ചയെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി സംസാരിച്ചു. എസിഡി രാജ്യങ്ങൾക്കിടയിൽ വ്യാപാര വാണിജ്യ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും നടപടികളും അദ്ദേഹം യോഗത്തിൽ പങ്കുവച്ചു.

ദോഹയിൽ നടന്ന മൂന്നാമത് ഏഷ്യ സഹകരണ ഡയലോഗ് (എസിഡി) ഉച്ചകോടിയിലും രണ്ടാം എസിഡി ബിസിനസ് ഫോറത്തിലും പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സന്ദര്‍ശന വേളയില്‍ ഖത്തർ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി, എസിഡി സെക്രട്ടറി ജനറല്‍ അംബാസഡര്‍ നാസര്‍ താമര്‍ അല്‍ മുറൈഖി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. എസിഡിയുടെ അജണ്ടകൾ മുന്നോട്ടുപോകുന്നതിന് ഇന്ത്യയുടെ പൂർണ്ണ സഹകരണവും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉറപ്പുനൽകി.

Story Highlights : Kirti Vardhan Singh about West Asian Conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here