പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്, നാല് ലക്ഷം രൂപ വരെ തിരിച്ചടക്കണമെന്ന് നിര്‍ദേശം

വിചിത്ര നടപടിയുമായി രംഗത്തെത്തി പാലക്കാട് പന്നിയങ്കരയിലെ ടോള്‍ പ്ലാസ അധികൃതര്‍. മുന്‍ധാരണ പ്രകാരം ഇതുവരെ സൗജന്യമായി കടന്നുപോയിരുന്ന സ്‌കൂള്‍ ബസുകള്‍ 2022 മുതലുള്ള ടോള്‍ തുക പലിശയടക്കം ചേര്‍ത്ത് തിരിച്ച് നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ബസ് ഉടമകള്‍ക് ലഭിച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നത്. നാല് ലക്ഷം രൂപ വരെ തിരിച്ചടക്കണമെന്നാണ് പലര്‍ക്കും ലഭിച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
ടോള്‍ കമ്പനിയായ തൃശ്ശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡ് ന്റെ പേരിലാണ് ബസുടമകള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുപ്പതോളം വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിച്ചയതായാണ് വിവരം. 2022 മാര്‍ച്ച് 9 മുതല്‍ 2024 സെപ്റ്റംബര്‍ ഒമ്പതാം തീയതി വരെയുള്ള കണക്കാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ 12 ശതമാനം പലിശയും ചേര്‍ത്ത് 15 ദിവസത്തിനകം അടക്കണമെന്നാണ് നിര്‍ദേശം.
ബസ് വില്‍ക്കുകയല്ലാതെ ഈ ഭീമമായ തുക അടക്കാന്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളിലെല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അടക്കാത്ത പക്ഷം ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നേരത്തെ മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്‌കൂള്‍ ബസുകളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു,പിന്നീട് പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു.
Story Highlights : legal notice to school vehicles passed through panniyankara toll plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here