Advertisement

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

October 5, 2024
Google News 1 minute Read

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.

യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights : Sabarimala Darshan Online Booking only

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here