Advertisement

ടി 20 വനിത ലോക കപ്പ്: സജ്‌നയുടെ ബൗണ്ടറിയില്‍ ഇന്ത്യക്ക് ആദ്യ ജയം

October 6, 2024
Google News 2 minutes Read

വനിതകളുടെ ട്വന്റി ട്വന്റി ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്താനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ആറ് വിക്കറ്റ് ശേഷിക്കെയായിരുന്നു ഇന്ത്യന്‍വിജയം. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം. 35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. 16 ബോള്‍ നേരിട്ട സ്മൃതി മന്ദാന വെറും ഏഴ് റണ്‍സ് മാത്രം എടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ആദ്യബോള്‍ നേരിടുന്നതിനിടെ തന്നെ മടങ്ങേണ്ടി വന്നു. ഹര്‍മ്മന്‍ പ്രീത് കൗറിന് പരിക്കേറ്റതിനെ തുടര്‍ന്ന് ക്രീസിലെത്തിയ മലയാളിതാരം സജ്‌ന സജീവന് കളി വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം വന്നുചേരുകയായിരുന്നു. നഷ്‌റ സന്ദു എറിഞ്ഞ ആദ്യബോള്‍ തന്നെ ബൗണ്ടറി പായിച്ചാണ് തന്റെ ചുമതല സജ്‌ന ഭംഗിയാക്കിയത്. 19 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റെടുത്ത ഇന്ത്യയുടെ അരുന്ധതി റെഡ്ഡിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Read Also: ‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം

പാകിസ്താന്‍ ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ഫാത്തിമ സനക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെക്കാനായത്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കി ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ അവര്‍ക്കായി. 23 റണ്‍സ് നല്‍കി സാദിയ ഇഖ്ബാലും 17 റണ്‍സ് വിട്ടുകൊടുത്ത് ഒമൈമ സുഹൈലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിന് മുന്നില്‍ സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ ശരിക്കും പാടുപ്പെട്ടിരുന്നു. നിശ്ചിത 20 ഓവറില്‍ 105 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. അരുന്ധതി റെഡ്ഡിക്ക് മൂന്നും ശ്രേയങ്ക പാട്ടീലിന് രണ്ടും വിക്കറ്റുകള്‍ നേടാനായപ്പോള്‍ മലയാളി താരം ആശ ശോഭന, രേണുക സിങ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. പാകിസ്താന്‍ ബാറ്റിങ് നിരയില്‍ 34 ബോളില്‍ നിന്ന് 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. വിക്കറ്റ് കീപ്പര്‍ മുനീബ അലി 26 ബോളില്‍ നിന്ന് 17 ഉം ക്യാപ്റ്റന്‍ ഫാത്തിമ സന എട്ട് ബോളില്‍ നിന്ന് പതിമുന്നും സെയ്ദ അരൂപ് ഷാ 17 ബോളില്‍ നിന്ന് 14 ഉം എടുത്താണ് സ്‌കോര്‍ നൂറ് കടത്തിയത്. മൂന്ന് ബോള്‍ നേരിട്ട ടുബ ഹസന് ഒരു റണ്‍സ് പോലും എടുക്കാനാകാതെ ക്രീസ് വിടേണ്ടി വന്നു. കേരളത്തിന് സന്തോഷമുണ്ടാക്കുന്ന ഒരു മാറ്റം ഇന്ന് ഇന്ത്യ വരുത്തിയിരുന്നു. പൂജ വസ്ത്രകര്‍ക്ക് പകരമായി മലയാളി താരം സജന സജീവന്‍ ആദ്യ ഇലവനിലെത്തി. വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജ്ന. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ് മറ്റൊരു താരം. ആശയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ച വെച്ചത്. റണ്‍സ് അധികം വിട്ടുനല്‍കാതെ തന്നെ ഒരു വിക്കറ്റ് വീഴ്ത്താന്‍ താരത്തിനായി. പതറിയായിരുന്നു പാകിസ്താന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ റണ്‍സൊന്നുമില്ലാതെ ഗുല്‍ ഫെറോസയെ നഷ്ടമായി. രേണുക സിങിനായിരുന്നു വിക്കറ്റ്.

Story Highlights : India vs Pakistan T20 World cup Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here