‘മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ട്, ദേശവിരുദ്ധ പ്രവർത്തനം എന്നെ അറിയിച്ചില്ല’; ഗവർണർ
മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തും ഹവാലയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വന്ന ദേശവിരുദ്ധ പരാമര്‍ശം, ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണം എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതില്‍ കടുത്ത അതൃപ്തിയാണ് ഗവര്‍ണര്‍ക്കുള്ളത്.
ഇതിനു പിന്നാലെ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത് ഭിന്നത രൂക്ഷമാക്കി. കഴിഞ്ഞ ദിവസം പി.വി.അന്‍വര്‍ രാജ്ഭവനിലെത്തി നല്‍കിയ നിവേദനത്തില്‍ ഗവര്‍ണര്‍ എന്ത് ഇടപെടല്‍ നടത്തുമെന്നതും നിര്‍ണായകമാണ്.
Story Highlights : Governor criticizes Pinarayi vijayan gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here