രത്തൻ ടാറ്റയുടെ ആരോഗ്യനില അതീവ ഗുരുതരം; മുംബൈയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

ദില്ലി: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസ് രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 86 വയസുള്ള അദ്ദേഹത്തെ തിങ്കളാഴ്ചയാണ് പതിവ് മെഡിക്കൽ പരിശോധനകൾക്കായി മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിഷേധിച്ചിരുന്നു. എന്നാൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് നേരിട്ട് അദ്ദേഹവുമായി ബന്ധമുള്ള രണ്ട് പേരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്.
ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്. കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി വീണ്ടുമെത്തിയ രത്തൻ ടാറ്റ പിന്നീട് 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. പിന്നീട് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.
Story Highlights : Ratan Tata battling for life in Mumbai’s Breach Candy hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here