ഇവരിൽ ആരാകും രത്തൻ ടാറ്റയുടെ പിൻഗാമി?

ഓരോ ഇന്ത്യക്കാരുടെയും ജീവിതത്തിലെ സ്ഥിരം സാന്നിധ്യമാണ് ടാറ്റ ഗ്രൂപ്പ്. ഉരുക്കുമുതൽ ഉപ്പുവരെ വരെ നീളുന്ന വ്യവസായ സാമ്രാജ്യം. അതിനെ ഇക്കാണുന്ന വിധത്തിൽ വളർത്തി വലുതാക്കാൻ രത്തൻ ടാറ്റ മാറ്റിവച്ചത് അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. തകർന്നുപോയേക്കാമായിരുന്ന ഒരു ഗ്രൂപ്പിനെ, എല്ലാ മേഖലയിലും പടർന്നുപന്തലിച്ച ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയ ബുദ്ധിയുടെ പേരാണ് രത്തൻ ടാറ്റ.
ടാറ്റയുടെ അമരത്ത് വലിയ ശൂന്യത സൃഷ്ടിച്ചാണ് രത്തൻ ടാറ്റയുടെ മടക്കം. അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ തന്നെ ചൂടു പിടിച്ചിട്ടുണ്ട്. ആരൊക്കെയാണ് ആ സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻപന്തിയിലുള്ളതെന്ന് നോക്കാം.ലിയ ടാറ്റ, മായ ടാറ്റ, നെവിൽ ടാറ്റ ഈ മൂവരാണ് അടുത്ത പിൻഗാമികളുടെ പട്ടികയിൽ പരിഗണിക്കപ്പെടുക.
രത്തൻ ടാറ്റായുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റയുടെയും ആലൂ മിസ്ത്രിയുടെയും മൂന്ന് മക്കളാണിവർ മൂന്നുപേരും ടാറ്റ സാമ്രാജ്യത്തിലൂടെ തന്നെ തങ്ങളുടെ വിജയവഴി വെട്ടിയവരാണ്. അന്തരിച്ച മുൻ ടാറ്റ ചെയർമാൻ സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് ആലൂ മിസ്ത്രി. ടാറ്റ ട്രസ്റ്റുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളായ സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ട്രസ്റ്റിമാരായി മൂവരെയും നിയമിക്കാൻ രത്തൻ ടാറ്റ നേരത്തെ അംഗീകാരം നൽകിയിരുന്നുവെന്നതാണ് റിപ്പോർട്ടുകൾ.
ലിയാ ടാറ്റ
നോയൽ ടാറ്റയുടെ മൂത്ത മകളാണ് ലിയാടാറ്റ. സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിലാണ് ലിയ പഠിച്ചത്. 2006 ൽ താജ് ഗ്രൂപ്പിൽ അസിസ്റ്റന്റ് സെയിൽസ് മാനേജരായി തുടങ്ങിയ ലിയ നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ഇന്ത്യൻ ഹോട്ടൽസ് ആൻഡ് കമ്പനി ലിമിറ്റഡിൽ വൈസ് പ്രെസിഡന്റാണ്.
മായ ടാറ്റ
പിൻഗാമികളുടെ കൂട്ടത്തിൽ മായാ ടാറ്റക്കാണ് കൂടുതൽ സാധ്യത കല്പിക്കുന്നത്. മുപ്പത്തി നാലുകാരിയായ മായാ കമ്പനിയുടെ സാമ്പത്തിക വിഭാഗമായ ടാറ്റ ക്യാപിറ്റലിൽ അനലിസ്റ്റ് ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ ബയേസ് ബിസിനസ് സ്കൂളിൽ നിന്നും വാർവിക്ക് സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കിയ മായ, ടാറ്റയുടെ സൂപ്പർ ആപ്പ് ആയ ടാറ്റ ന്യൂ പുറത്തിറക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ടാറ്റ മെഡിക്കൽ സെന്റർ ട്രസ്റ്റ് ബോർഡ് അംഗമായ മായ കൊൽക്കത്തയിലെ കാൻസർ ആശുപത്രി സ്ഥാപിക്കുന്നതിലും മുൻകൈ എടുത്തു.ടാറ്റ ഗ്രൂപ്പിന്റെ ഒഴിച്ചുകൂടാനാകാത്ത തന്ത്രപ്രധാനമായ എല്ലാകാര്യങ്ങളിലും മായ ഇടപെട്ടിരുന്നു.
നെവിൽ ടാറ്റ
പിതാവ് നോയൽ ടാറ്റ പടുത്തുയർത്തിയ റീറ്റെയ്ൽ ശൃംഖലയായ ട്രെന്റിലൂടെയാണ് നെവിൽ ടാറ്റ തുടങ്ങിയത്. സുദിയോ എന്ന ബ്രാൻഡിനെ ഇന്ത്യയിൽ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് നെവിൽ.
Story Highlights : Next generation of Tata Group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here