രത്തൻ ടാറ്റയുടെ അർദ്ധ സഹോദരൻ നോയൽ ടാറ്റ പിൻഗാമി; ടാറ്റ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്തു

രാജ്യത്തിൻ്റെ വികസന കുതിപ്പിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പിൻഗാമിയായി അദ്ദേഹത്തിൻ്റെ അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി ഐകകണ്‌ഠേനയാണ് ഇന്ന് ചേർന്ന യോഗത്തിൽ നോയൽ ടാറ്റയെ തെരഞ്ഞെടുത്തത്. തൻ്റെ പിൻഗാമി ആരാകണമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിക്കാതിരുന്നതാണ് ഇന്ന് ചേർന്ന യോഗത്തിലേക്ക് തീരുമാനം നീളാൻ കാരണം.
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ നോയൽ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. രത്തൻ ടാറ്റ 2012ൽ ടാറ്റ സൺസിൻ്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
ടാറ്റ കമ്പനികളുടെ ഉടമസ്ഥാവകാശമുള്ള ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനിയായ ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിന് കീഴിലായതിനാൽ, ട്രസ്റ്റ് അധ്യക്ഷ പദവി സുപ്രധാനമാണ്. സർ രത്തൻജി ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ രണ്ട് പ്രധാന സ്ഥാപനങ്ങളിലെ 13 ട്രസ്റ്റിമാർ ചേർന്നതാണ് ടാറ്റ ട്രസ്റ്റ്. സൈറസ് മിസ്ത്രിയുടെ ബന്ധു മെഹ്ലി മിസ്ത്രി ടാറ്റ ട്രസ്റ്റ് ചെയർമാനായേക്കുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും രത്തൻ ടാറ്റയുടെ പിൻഗാമിയായി പാഴ്സി കുടുംബാംഗം കൂടിയായ നോയലിനെ ഇന്നത്തെ ബോർഡ് യോഗം തെരഞ്ഞെടുക്കുകയായിരുന്നു.
Story Highlights : Noel Tata half brother of Rathan Tata named Tata Trusts Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here