Advertisement

ടി20 ക്രിക്കറ്റ്: ഇന്ത്യന്‍ ജഴ്‌സിയില്‍ വേഗത്തില്‍ സെഞ്ച്വറി തികച്ച കീപ്പര്‍ ഇനി സഞ്ജു മാത്രം

October 13, 2024
Google News 3 minutes Read
Sanju Samson

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ വെടിക്കെട്ട് തീര്‍ത്ത മലയാളി താരം സഞ്ജു സാംസണിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. 40-ാം പന്തില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യ സെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് യുവതാരം സ്വന്തമാക്കിയത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും നിരന്തരം സെഞ്ച്വറി നേടിയിരുന്നു മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന മഹീന്ദ്ര സിങ് ധോനിയുടെ പേരില്‍ പോലും ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് കുറിക്കപ്പെട്ടിട്ടില്ല. സഞ്ജുവിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണ് ഇന്നലത്തേത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തീര്‍ത്തും നിറം മങ്ങിപോയ സഞ്ജു മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കുന്നതാണ് കണ്ടത്. സ്പിന്നര്‍മാര്‍ക്ക് വരെ രക്ഷയില്ലാത്ത വിധത്തില്‍, ഒരു വേള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പ്രകടനം അനുസ്മരിപ്പിക്കുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്.

Read Also: ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ യുവനിര; മൂന്നാംമാച്ചില്‍ ബംഗ്ലാദേശിനോട് 133 റണ്‍സ് വിജയം

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ഇതുവരെയുള്ള ടി20-യിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇപ്പോള്‍ സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ലഖ്നൗവില്‍ ശ്രീലങ്കക്കെതിരെ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോഡാണ് സഞ്ജു 111 എന്ന സ്‌കോറില്‍ മറികടന്നിരിക്കുന്നത്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരെയുള്ള ടി20-യില്‍ സഞ്ജു 77 റണ്‍സെടുത്തിരുന്നു. കുഞ്ഞന്‍ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. ടി20-യില്‍ സെഞ്ച്വറി നേടുന്ന 11-ാമത്തെ ഇന്ത്യന്‍ താരം, സുരേഷ് റെയ്ന, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടി20-യിലും രാജ്യത്തിനായി സെഞ്ച്വറി നേടുന്ന ആറാമത്തെ താരം എന്നീ വിശേഷണങ്ങളും താരം സ്വന്തമാക്കി. ഒരു സ്പിന്നര്‍ തുടരെ തുടരെ സിക്‌സറുകള്‍ പറത്തുകയെന്നത് കടന്ന കൈയ്യായിരുന്നെങ്കിലും റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകളും താരം ബൗണ്ടറി തൊടാതെ പറത്തി വിടുകയായിരുന്നു. 47 പന്തില്‍ നിന്ന് 11 ബൗണ്ടറികളും എട്ട് സിക്സറുകളുമടക്കം 111 റണ്‍സ് സ്വന്തമാക്കി മുസ്തിഫിസുര്‍ റഹ്‌മാന്റെ ബോളില്‍ മെഹ്ദി ഹസന്‍ ക്യാച്ച് എടുത്തതിനെ തുടര്‍ന്ന് സഞ്ജു മൈതാനം വിടുമ്പോള്‍ ഗ്യാലറി മുഴുവന്‍ ഹര്‍ഷാരവങ്ങള്‍ മുഴുക്കുകയായിരുന്നു.

Story Highlights: Sanju Samson’s record batting against Bangladesh in the T20 series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here