ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ചായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.
Read Also: ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ 17ന് പ്രഖ്യാപിക്കും
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Story Highlights : Congress announced candidate for Wayanad, Palakkad and Chelakkara by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here