യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് ഹമാസും; ഗാസയിൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടയക്കില്ലെന്ന് നിലപാട്
തങ്ങളുടെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദം ശരിവച്ച് ഹമാസും. എന്നാൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാർ അടക്കമുള്ളവരെ വിട്ടയക്കണമെങ്കിൽ ഗാസയ്ക്ക് മേലുള്ള ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം എന്ന ആവശ്യം ഹമാസ് മുന്നോട്ട് വെച്ചു. സിൻവർ കൂടി കൊല്ലപ്പെട്ടതോടെ ഹമാസിൻറെ നേതൃത്വം തീർത്തും ദുർബലമായി എന്നാണ് ഇസ്രയേലിൻ്റെ വിലയിരുത്തൽ.
നിരവധി ഹമാസ് കമ്മാൻഡർമാരെയും നേതാക്കളെയും ഇതിനോടകം ഇസ്രയേൽ വധിച്ചതിനാൽ ഹമാസിൻ്റെ ഇനിയുള്ള നേതാവ് ആരായിരിക്കും എന്ന ചോദ്യവും ശക്തമാണ്. അതേസമയം ഹമാസിൻ്റെ പൂർണമായും ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാർ.
ഈ സാഹചര്യത്തിൽ കൂടിയാണ് തങ്ങൾ ബന്ദികളാക്കിയവരെ വിട്ടയക്കാൻ ഗാസയ്ക്ക് മേലുള്ള ആക്രമണം ഇസ്രയേൽ നിർത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഖാൻ യൂനിസ് അഭയാർത്ഥി ക്യാംപിൽ ജനിച്ച സിൻവർ യുദ്ധത്തടവുകാരനായി തൻ്റെ യൗവനകാലത്തിലേറെയും ഇസ്രയേലിലെ ജയിലിലാണ് കഴിച്ചുകൂട്ടിയത്. പിന്നീട് സ്വതന്ത്രനായ ശേഷം തിരികെ പലസ്തീനിലെത്തിയ ഇയാൾ 2017 ൽ അതിൻ്റെ തലവനായി. പലസ്തീനിൽ കർശനമായ നിയമപാലനം നടപ്പാക്കിയ ശേഷമാണ് സിൻവർ ലോകത്തെ ഞെട്ടിച്ച നീക്കം നടത്തിയത്. ഇസ്രയേലിൽ കഴിഞ്ഞ വർഷം ഹമാസ് നടത്തിയ അധിനിവേശ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു.
Story Highlights : Hamas confirms Yahya Sinwar’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here