നിന്ന നിൽപ്പിൽ പാർട്ടി മാറി ഞെട്ടിച്ച് പി സരിൻ; മറുകണ്ടം ചാടലിൽ മുൻഗാമികൾ നിരവധിയാണ്

തെരഞ്ഞെടുപ്പ് സമയത്ത് അപ്രതീക്ഷിതമായി മറുകണ്ടം ചാടുന്ന നേതാക്കൾ എപ്പോഴും രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊരു മറുകണ്ടം ചാടലാണ് ഡോ. പി സരിന്റേത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ സിപിഐഎമ്മിന്റെ നിശിത വിമർശകനായിരുന്നു സരിൻ. ഇനി സഖാവ് സരിനായി ഇടതിനുവേണ്ടി ജനവിധി തേടും. അപ്രതീക്ഷിതമായി പാർട്ടി മാറിയ പലരേയും എതിർ പാർട്ടികൾ സ്ഥാനാർഥിയാക്കിയുണ്ട്. ഈ ഉപതെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ രണ്ടിറങ്ങിപ്പോക്കുകളാണ് സംഭവിച്ചത്. എഐസിസി അംഗമായിരുന്ന എൻ കെ സുധീർ ഇപ്പോൾ പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയാണ്.
ഇതുപോലെ അപ്രതീക്ഷിതമായിരുന്നു മാണി സി കാപ്പന്റെ എൽഡിഎഫിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്. കെ എം മാണിയുടെ മരണശേഷം പാലയെ ചുവപ്പിച്ച മാണി സി കാപ്പൻ, എൽഡിഎഫിലെ മിന്നുംതാരമായിരുന്നു. എന്നാൽ 2021 നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതായപ്പോൾ മാണി സി കാപ്പൻ യുഡിഎഫിലെത്തി. എൻസിപി കേരള രൂപീകരിച്ച് മത്സരിച്ച് വിജയിച്ചു.
2012-ൽ സിപിഐഎമ്മിനെ ഞെട്ടിച്ചാണ് ആർ ശെൽവരാജ് കോൺഗ്രസിലെത്തിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരെ ചാക്കിട്ടുപിടിത്തം ആരോപണമുണ്ടായി. കോൺഗ്രസിലെത്തുമ്പോൾ നെയ്യാറ്റിൻകര എംഎൽഎ ആയിരുന്നു ശെൽവരാജ്. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചെങ്കിലും 2016-ൽ തോൽവി ഏറ്റുവാങ്ങി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്നായപ്പോഴാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. തല മുണ്ഡനം ചെയ്ത് കോൺഗ്രസ് നേതൃത്വത്തോട് പ്രതിഷേധിച്ച ലതിക ചേർന്നത് എൻസിപിയിൽ. അനിൽ ആന്റണി, കോവൂർ കുഞ്ഞുമോൻ, പത്മജ വേണുഗോപാൽ അങ്ങനെ നീളുന്നു അപ്രതീക്ഷിതമായി പാർട്ടിവിട്ട് മറുപക്ഷത്തെത്തിയ നേതാക്കളുടെ പട്ടിക.
Story Highlights : Many leaders quit the party in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here