സിൻവറിൻ്റെ മരണം ഉറപ്പിച്ചു: ഹമാസിനെ നയിക്കാൻ ഇനിയാര്? മുഹമ്മദ് സിൻവർ അടക്കം അഞ്ച് പേർക്ക് സാധ്യത
യഹ്യ സിൻവറിൻ്റെ മരണം സ്ഥിരീകരിക്കപ്പെട്ടതോടെ ഗാസയിലെ സായുധ സംഘമായ ഹമാസിൻ്റെ അടുത്ത തലവൻ ആരാകും എന്ന ചോദ്യവും ശക്തമായി. കൊല്ലപ്പെട്ട തലവൻ യഹ്യ സിൻവറിൻ്റെ സഹോദരൻ മൊഹമ്മദ് സിൻവർ ഈ സ്ഥാനത്തേക്ക് വന്നേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. 49കാരനായ ഇദ്ദേഹം നിലവിൽ ഹമാസിൻ്റെ മുഖ്യ കമ്മാൻഡർമാരിൽ ഒരാളാണ്. ഇതിന് പുറമെ ഖാലിന് മാഷൽ, മൂസ അബു മർസൂക്, മഹമൂദ് അൽ സഹർ, ഖാലിദ് അൽ-ഹയ്യ എന്നിവരും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
ഇതിനോടകം നിരവധി കമ്മാൻഡർമാരെ ഇസ്രയേൽ വധിച്ചതിനാൽ ഹമാസിൻ്റെ ഭരണശ്രേണി ഇളകിയെന്നാണ് കരുതിയത്. എന്നാൽ മൊഹമ്മദ് സിൻവർ അടക്കം പ്രധാന കമ്മാൻഡർമാരുടെ സാന്നിധ്യം ഇപ്പോഴും ഹമാസിനുള്ളത് ഇസ്രയേൽ ഗൗരവത്തോടെയാണ് കാണുന്നത്. മുൻപ് ഇസ്രയേലി സൈനികൻ ഗിലദ് ഷലിതിനെ ബന്ദിയാക്കിയതിൽ മൊഹമ്മദ് സിൻവറിന് പങ്കുണ്ടെന്നാണ് ഇസ്രയേൽ വാദം. ഷലിതിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് 2011 ൽ യഹ്യ സിൻവറടക്കം ആയിരത്തോളം പലസ്തീനി തടവുകാരെ സ്വതന്ത്രരാക്കിയതെന്നും ഇസ്രയേൽ പറയുന്നു.
ഹമാസിൻ്റെ തലപ്പത്തെത്താൻ സാധ്യതയുള്ള മറ്റൊരാൾ ഖലിക് അൽ-ഹയ്യയാണ്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായി ഖത്തറിൽ പ്രവർത്തിക്കുന്ന ഇദ്ദേഹമാണ് ദോഹയിൽ വെടിനിർത്തൽ ചർച്ചകളെ നയിക്കുന്നത്. ഖത്തറിൽ താമസിക്കുന്ന ഇയാൾ യഹ്യ സിൻവറിൻ്റെ ഡപ്യൂട്ടിയായാണ് അറിയപ്പെടുന്നത്.
ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടപ്പോഴും സേനയുടെ തലപ്പത്തേക്ക് എത്തുമെന്ന് പറയപ്പെട്ടിരുന്നയാളാണ് ഖലിക് അൽ-ഹയ്യ. സ്വതന്ത്ര പലസ്തീൻ രൂപീകരിക്കപ്പെടുകയും സമാധാന കരാർ ഒപ്പുവെക്കുകയും ചെയ്താൽ ഹമാസ് ആയുധം താഴെവെച്ച് രാഷ്ട്രീയ സംഘടനയായി മാറുമെന്ന് ഇദ്ദേഹം നേരത്തേ അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയിരുന്നു. 2007 ൽ നടന്ന വ്യോമാക്രമണത്തിൽ ഇദ്ദേഹത്തിൻ്റെ വീട് തകർന്നപ്പോൾ കുടുംബാംഗങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
മുഹമ്മദ് അൽ സഹറാണ് ഹമാസ് തലവനാകാൻ സാധ്യതയുള്ള മറ്റൊരാൾ. ഹമാസിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സഹർ ഗാസയിൽ ഡോക്ടറായിരുന്നു. 2006 ൽ പലസ്തീനിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ഹമാസ് അധികാരത്തിലെത്തിയ ആ വർഷം അദ്ദേഹത്തെ വിദേശകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. 1992 ലും 2003 ലും വധശ്രമം അതിജീവിച്ച അദ്ദേഹം പക്ഷെ ഒക്ടോബർ ഏഴ് ആക്രമണത്തിന് ശേഷം എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
മൂസ അബു മർസൂക് എന്ന ഹമാസ് നേതാവ് ഹമാസിൻ്റെ മാതൃരൂപമായിരുന്ന മുസ്ലിം ബ്രദർഹുഡിന് രൂപം കൊടുത്തവരിൽ ഒരാളാണ്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ പ്രധാനിയാണ്. 1990 ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ ഇസ്രയേൽ കേസെടുത്തിരുന്നു. അമേരിക്കയിൽ പോയി പലസ്തീന് വേണ്ടി ധനശേഖരണം നടത്തിയ മർസൂക് യു.എസിലെ സ്ഥിരതാമസം മതിയാക്കി തനിക്കെതിരായ കേസിൽ എതിർവാദം ഉന്നയിക്കാതെ രണ്ട് വർഷത്തോളം മാൻഹാട്ടൻ ജയിലിൽ കഴിഞ്ഞു. പിന്നീട് ജോർദാനിലേക്ക് അദ്ദേഹത്തെ അമേരിക്ക മടക്കി അയക്കുകയായിരുന്നു.
ഖാലിദ് മഷൽ എന്ന ഹമാസ് നേതാവിനെ ജോർദാനിൽ വെച്ച് ഇസ്രയേൽ സ്ലോ പോയിസൺ കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കോമയിലാക്കപ്പെട്ട ഇദ്ദേഹത്തിന് രക്ഷാമരുന്ന് ഇസ്രയേൽ നൽകിയത് ജോർദാനുമായുണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലായിരുന്നു. സിറിയ, ഖത്തർ, ജോർദാൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം താമസിച്ച അദ്ദേഹം 2017 ൽ പൊളിറ്റിക്കൽ ഓഫീസിൻ്റെ ചുമതല നീണ്ട 21 വർഷത്തെ സേവനത്തിന് ശേഷം ഒഴിഞ്ഞു. പിന്നീടാണ് ഇസ്മായി ഹനിയ ഇതിൻ്റെ ചുമതല ഏറ്റെടുത്തത്. എന്നാൽ ഇദ്ദേഹം സിറിയയിലെ ജനകീയ സംഘർഷത്തെ പിന്തുണച്ചതിനാൽ ഇറാനെ സംബന്ധിച്ച് അനഭിമതനാണ്.
തങ്ങളുടെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാൻ യൂനിസ് അഭയാർത്ഥി ക്യാംപിൽ ജനിച്ച സിൻവർ യുദ്ധത്തടവുകാരനായി നീണ്ട കാലം ഇസ്രയേലിലെ ജയിലിലാണ് കഴിച്ചുകൂട്ടിയത്. പിന്നീട് സ്വതന്ത്രനായ ശേഷം തിരികെ പലസ്തീനിലെത്തിയ ഇയാൾ 2017 ൽ ഹമാസിൻ്റെ ഗാസയിലെ നേതാവായി. ഗാസയിൽ കർശനമായ നിയമപാലനം നടപ്പാക്കിയ ശേഷമാണ് സിൻവർ ലോകത്തെ ഞെട്ടിച്ച ഹമാസ് നീക്കത്തിൻ്റെ ആണിക്കല്ലായത്. ഇസ്രയേലിൽ കഴിഞ്ഞ വർഷം ഹമാസ് നടത്തിയ അധിനിവേശ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 ഓളം പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഒരു വർഷത്തോളം കഴിഞ്ഞാണ് ഇസ്രയേലിന് സിൻവറിനെ ഇല്ലാതാക്കാനായത്. അപ്പോഴും ഹമാസ് പോരാട്ടം തുടരുകയാണ്.
Story Highlights : Who will head Hamas? Yahya Sinwar’s brother among likely successors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here