നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തിയതി മാറ്റി നിര്‍മിച്ചതെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഒപ്പിലേയും പേരിലേയും വൈരുദ്ധ്യവും ചര്‍ച്ചയാകുന്നത്. (difference in signature on the complaint against naveen babu)
എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ പേര് പ്രശാന്ത് എന്നുമാണ്. രണ്ടിലേയും ഒപ്പിലും വ്യത്യാസമുണ്ട്. ഇത് തെളിയിക്കുന്ന രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു.
ചെങ്ങളായിയില്‍ പ്രശാന്തന്റെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിനായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പ്രസംഗമാണ് നവീന്റെ ആത്മഹത്യയ്ക്ക് കാരണമായത്. എന്നാല്‍ നവീന്‍ തന്റെ സര്‍വീസിലുടനീളം അഴിമതി കാട്ടാത്ത ഉദ്യോഗസ്ഥനാണെന്ന് മേല്‍ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പും സാക്ഷ്യപ്പെടുത്തിയിരുന്നു. ജില്ലാ കളക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. കൈക്കൂലി പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : difference in signature on the complaint against naveen babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here