സ്വകാര്യ ബസിന് ഫിറ്റ്നസ് ടെസ്റ്റ് നൽകിയില്ല; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി

സ്വകാര്യ ബസിന് ഫിറ്റ്നസ് ടെസ്റ്റ് നൽകാത്തതിനെ തുടർന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വീട്ടിലെത്തി വധഭീഷണി മുഴക്കി. ഇരിങ്ങാലക്കുട സബ് ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീകാന്തിന്റെ മണ്ണുത്തിയിലെ വീട്ടിലെത്തിയാണ് മൂന്നംഗ അക്രമിസംഘം കഴിഞ്ഞ ദിവസം വധഭീഷണി മുഴക്കിയത്.
വെള്ളിയാഴ്ച രാത്രി ഒൻപതിനാണ് കാറിൽ അക്രമിസംഘം ശ്രീകാന്തിന്റെ മണ്ണുത്തി തിരുവാണിക്കാവിന് സമീപത്തെ വീടിനുമുന്നിലെത്തിയത്. ദേശീയപാതയിലെ സർവീസ് റോഡിനോടു ചേർന്ന വീടിന് മുന്നിൽനിന്ന് ഗേറ്റിൽ ആഞ്ഞുതട്ടിയും മറ്റും ഒരുമണിക്കൂറോളം സംഘം ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വീട്ടിൽ ശ്രീകാന്തിന് പുറമേ ഗർഭിണിയായ ഭാര്യയും പ്രായമായ അമ്മയും സഹോദരിയും രണ്ട് ചെറിയ മക്കളുമാണുണ്ടായിരുന്നത്.
Read Also: അലൻ വാക്കർ ഷോയ്ക്കിടെ മൊബൈൽ മോഷണം; മുഖ്യപ്രതി ഒളിച്ചിരുന്നത് കട്ടിലിനടിയിലെ പ്രത്യേകം അറയിൽ
സംഭവം കണ്ട് വീട്ടുകാരെല്ലാം ഭയന്നുവിറച്ചിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് പൂട്ടിയതിനാലാണ് അക്രമിസംഘം ഉള്ളിലേക്ക് കയറാതിരുന്നതെന്ന് ശ്രീകാന്ത് പറയുന്നു. സംഭവത്തിൽ മണ്ണുത്തി സ്വദേശി ജെൻസൻ, പുത്തൂർ സ്വദേശി ബിജു, നേരിട്ട് കണ്ടാൽ തിരിച്ചറിയുന്ന മറ്റൊരാൾ എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തു. മതിയായ അറ്റകുറ്റപ്പണി നടത്താത്ത സ്വകാര്യബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സംഘം തന്റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയതെന്ന് ശ്രീകാന്ത് പറഞ്ഞു.
Story Highlights : Death threat against Assistant Motor Vehicle Inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here