Advertisement

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

October 21, 2024
Google News 2 minutes Read
supream court

മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതിയുടെ ഇടപെടല്‍. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് ഹര്‍ജി നല്‍കിയത്. ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പ്രദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാര്‍ഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാര്‍ഥികളെയും മാറ്റാനുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത മദ്രസകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും കൗണ്‍സില്‍ സ്‌കൂളില്‍ പ്രവേശനം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജൂണ്‍ 26ന് ഉത്തരവിറക്കിയിരുന്നു. ഓഗസ്റ്റ് 28ന് ത്രിപുര സര്‍ക്കാരും സമാനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ 11 നാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്. ‘വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും’ എന്ന തലക്കെട്ടില്‍ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങള്‍ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ വന്നത്.

കേവലം ഒരു ബോര്‍ഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകള്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കമ്മീഷന്‍ തറപ്പിച്ചു പറഞ്ഞു. നേരത്തെ മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Story Highlights : Supreme Court stays child rights panel order to close government-funded madrasas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here