പി.പി ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും

എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തന്റെ മൊഴി ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി ടി.വി പ്രശാന്തൻ വീണ്ടും ആവർത്തിച്ചു. പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് വിവരം.
അതിനിടെ എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് റവന്യൂമന്ത്രി കെ രാജന് കൈമാറും. പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിനെ പരസ്യമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയെന്നാണ് റിപ്പോർട്ട്.
Story Highlights : ADM Death, PP Divya’s anticipatory bail hearing today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here