2022 ലെ സാമ്പത്തിക സ്ഥിതിയിലേക്ക് പലസ്തീന് ഇനിയൊരു മടങ്ങിവരവ് അസാധ്യം? യു.എൻ റിപ്പോർട്ടിലെ അമ്പരപ്പിക്കുന്ന കണക്ക്

നിയന്ത്രണങ്ങൾക്ക് നടുവിൽ പലസ്തീനെ 2022 ലെ സാമ്പത്തിക നിലയിലേക്ക് തിരിച്ചെത്തിക്കാൻ 350 വർഷം സമയമെടുക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻ്റ് ഡെവലപ്മെൻ്റിൻ്റേതാണ് റിപ്പോർട്ട്. ഇപ്പോഴത്തെ യുദ്ധം ഗാസയിൽ വൻതോതിൽ നാശമുണ്ടാക്കിയെന്നും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്ന ഗാസ വാസയോഗ്യമല്ലാത്ത ഇടമായി മാറിയെന്നും റിപ്പോർട്ട് പറയുന്നു. കെട്ടിടാവശിഷ്ടങ്ങളുടെ കുന്നും, അഴുകിയ ശവശരീരങ്ങളും പൊട്ടാതെ ബാക്കിയായ സ്ഫോടകവസ്തുക്കളും മാത്രമാണ് ഇവിടെയുള്ളത്. ഇതെല്ലാം നീക്കിയാൽ മാത്രമേ പുതിയൊരു ഗാസയെ നിർമ്മിക്കാനാവൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശക്തമായ നിയന്ത്രണങ്ങൾക്ക് നടുവിൽ ഗാസയെ ഒരിക്കലും വീണ്ടെടുക്കാനാവില്ല എന്നാണ് അർത്ഥമാക്കുന്നതെന്നും റിപ്പോർട്ട് തയ്യാറാക്കിയ റാമി അലസേഹ് പറഞ്ഞുവെക്കുന്നു.
ഈ വർഷം ജനുവരി അവസാനം ലോകബാങ്ക് നടത്തിയ വിലയിരുത്തൽ പ്രകാരം 18.5 ബില്യൺ ഡോളറിൻ്റെ നാശനഷ്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഗാസയിലെയും 2022 ലെ സംയോജിത ജിഡിപിയായിരുന്നു ഈ തുക. സെപ്തംബറിൽ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ച് യുഎൻ നടത്തിയ പരിശോധനയിൽ ഗാസയിലെ 66 ശതമാനം കെട്ടിടങ്ങളും ഏറെക്കുറെ പൂർണമായി തകർക്കപ്പെട്ടെന്നാണ് കണ്ടെത്തൽ. 2.27 ലക്ഷം ഗാർഹിക കെട്ടിടങ്ങളും തകർക്കപ്പെട്ടു.
2014 ലെ യുദ്ധത്തിന് ശേഷം ഇസ്രയേലി സേനയുടെ ശക്തമായ നിരീക്ഷണത്തിന് കീഴിൽ നോർവീജിയൻ റെഫ്യൂജി കൗൺസിൽ, ഷെൽട്ടർ ക്ലസ്റ്റർ എന്ന പദ്ധതിയിൽ ഗാസയിൽ വീടുകളുടെ പുനർനിർമ്മാണം തുടങ്ങിയിരുന്നു. തകർക്കപ്പെട്ട വീടുകൾ പഴയ നിലയിലാക്കാൻ 40 വർഷം വേണ്ടിവരുമെന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. ഒരു സൈനിക ഓപ്പറേഷനും നടക്കാതെ, സ്വതന്ത്രമായി സാധനങ്ങളെത്തിക്കാനും ആളുകൾക്ക് നിർബാധം സഞ്ചരിക്കാനും സാധിക്കുകയും ശക്തമായ നിലയിൽ നിക്ഷേപമെത്തുകയും ജനസംഖ്യാ വളർച്ചാ നിരക്ക് 2.8 ശതമാനമാവുകയും ചെയ്താൽ 2022 ലെ ജിഡിപി വളർച്ചാ നിരക്ക് 2050 ആകുമ്പോഴേക്കും നേടിയെടുക്കാനാവുമെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം യു.എൻ ഡെവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ വിലയിരുത്തൽ പ്രകാരം സാമ്പത്തിക നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കുകയാണെങ്കിൽ 2034 ൽ പലസ്തീനിലെ സമ്പദ് വ്യവസ്ഥ ചലനാത്മകമാകുമെന്ന് പറയുന്നുണ്ട്. എല്ലാവരും ഇപ്പോൾ വെടിനിർത്തലിനാണ് ആഹ്വാനം ചെയ്യുന്നതെങ്കിലും അത്തരമൊരു സാഹചര്യമുണ്ടായാൽ 22 ലക്ഷം പലസ്തീനികൾ വീടുകളില്ലാത്ത, കുട്ടികൾക്ക് സ്കൂളും സർവകലാശാലകളും രോഗികൾക്ക് ചികിത്സിക്കാൻ ആശുപത്രികളും ഗതാഗതത്തിന് റോഡുകളും ഇല്ലാത്ത ഒരു ഭൂമുഖത്തേക്കാകും ഉണരുകയെന്നും യുഎൻ റിപ്പോർട്ട് പറയുന്നു.
Story Highlights : It Could Take 350 Years for Gaza to Rebuild if It Remains Under a Blockade says UN Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here