ടെസ്റ്റിനിടെ കാണികളുടെ പ്രതിഷേധം; പ്രശ്‌നം പരിഹരിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍
ക്രിക്കറ്റെല്ലാം കുറച്ചുനേരം എല്ലാവരുടെയും ശ്രദ്ധ പ്രതിഷേധിക്കുന്ന കാണികളിലേക്ക് പോയപ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ ഉടലെടുത്ത പ്രശ്‌നം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പരിഹരിച്ചു. ടെസ്റ്റിന്റെ ആദ്യ ദിനം കാണികള്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കാണികള്‍ പ്രതിഷേധിച്ചതോടെ കുടിവെള്ള ക്ഷാമത്തിന് രണ്ടാം ദിനത്തില്‍ പരിഹാരം കണ്ടിരിക്കുകയാണ് അധികൃതര്‍. രണ്ടാം ദിവസത്തെ മത്സരത്തിന് മുന്നോടിയായി 20 ലിറ്ററിന്റെ കാനുകളിലായി ഏകദേശം ഒരു ലക്ഷം ലിറ്റര്‍ വരുന്ന കുടിവെള്ളമാണ് അസോസിയേഷന്‍ ക്രമീകരിച്ചത്. ഒന്നാം ദിവസം സംഭവിച്ച കരുതല്‍ ഇല്ലായ്മ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ ബൂത്തുകളിലായി വെള്ളം വിതരണം ചെയ്തത് പൊള്ളുന്ന വെയിലില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആശ്വാസം പകരുന്നതായി.
20 ലിറ്റര്‍ വീതമുള്ള 3,800 കാനുകളാണ് എംസിഎ ഒരുക്കിയത്. 500 കാനുകള്‍ അടിയന്തര ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി സ്റ്റേഡിയം പരിസരത്ത് സൂക്ഷിക്കുകയും ചെയ്തു. നേരത്തേ ബൂത്തുകളില്‍ കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ രോഷാകുലരായ കാണികള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെതിരേ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ എംസിഎ സെക്രട്ടറി കമലേഷ് പിസല്‍ കാണികളോട് മാപ്പ് പറഞ്ഞിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ സന്നദ്ധപ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളില്‍ നിന്നും കുടിവെള്ള കുപ്പികള്‍ ശേഖരിച്ച് സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാനുള്ള നടപടികളാരംഭിച്ചിരുന്നു. എന്നാല്‍ ഇതിന് സമയമേറെ എടുത്തത് കാണികളെ വീണ്ടും അസ്വസ്ഥരാക്കി. പ്ലാന്റില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന വാഹനം എത്താന്‍ വൈകിയതാണ് പ്രശ്‌നത്തിന് കാരണം.
Story Highlights : India vs New Zealand cricket test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here