Advertisement

‘കേരളത്തിലെ സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയയാളാണ് മുഖ്യമന്ത്രി’ , തിരിച്ചടിച്ച് വി ഡി സതീശന്‍

October 25, 2024
Google News 2 minutes Read
v d s

കേരളത്തിലെ സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയയാളാണ് പിണറായി വിജയന്‍. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപെടാനും അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ കേസുകളില്‍ നിന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി സംഘപരിവാറുമായി നടത്തിയ ഗൂഢാലോചനകളാണ് കേരളത്തിലെ സിപിഐഎമ്മിനെ വല്ലാത്തൊരവസ്ഥയിലേക്കെത്തിച്ചത്. രണ്ടാമതും അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ഒന്നാം നമ്പര്‍ കാര്‍ മാറി തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വന്ന് കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഈ പിണറായി വിജയനാണ്. ഈ അദ്ദേഹമാണ് കോണ്‍ഗ്രസും ലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടുവെന്ന് പറയുന്നത് – അദ്ദേഹം ആരോപിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ദൂതനായി വിട്ടത് മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കാന്‍ വേണ്ടി പൂരം കലക്കാനുള്ള ആസൂത്രണം അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചതും പിണറായി വിജയനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റിയ പാര്‍ട്ടിയാണ് സിപിഎം, ഇപ്പോള്‍ പഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ‘വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കോഴ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ബിജെപി സഖ്യത്തിലുള്ള ചേരിയിലേക്ക് പോകാന്‍ ആണ് ശ്രമിച്ചത്. ഇത് നേരത്തെ അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്ത് നിലപാട് എടുത്തു – അദ്ദേഹം ചോദിച്ചു.

ദിവ്യ കേസില്‍ പറയുന്നത് നവീന്റെ കുടുംബത്തിന് ഒപ്പമെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൊക്കസ് ആണ് നവീനെ അപമാനിക്കുന്നതിന് പിന്നില്‍. എഡിഎം അഴിമതിക്കാരന്‍ എന്ന് തെളിയിക്കുന്ന കത്ത് തയ്യാറാക്കിയത് എകെജി സെന്ററില്‍ – വി ഡി സതീശന്‍ ആരോപിച്ചു.

കോണ്‍ഗ്രസിലും യുഡിഎഫിലും ഒരു അനൈക്യവുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും എല്ലാ വിഷയങ്ങളിലും രണ്ട് അഭിപ്രായം ആണ്. ഞങ്ങള്‍ എല്ലാ തീരുമാനങ്ങളും കൂടി ആലോചിച്ചാണ് എടുക്കുന്നത്. സുധാകരന്‍ നിഷ്‌കളങ്കന്‍ ആയതുകൊണ്ടാണ് അന്‍വര്‍ വിഷയത്തില്‍ അങ്ങനെ നിലപാട് പറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി. സുധാകരന്‍ നിഷ്‌കളങ്കനും പാവവുമാണെന്നും അദ്ദേഹവും താനും തമ്മില്‍ ഒരു അനൈക്യവുമില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും സുധാകരനുമായുള്ള ഭിന്നതയെന്നത് ക്ലോസ്ഡ് ചാപ്റ്റര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : VD Satheesan’s reply to Pinarayi Vijayan’s allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here