പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി ആഗ്രഹിച്ചത് മുരളിയെത്താൻ; പ്രസിഡൻ്റ് അയച്ച കത്ത് പുറത്ത്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ഡിസിസി നിർദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് 24 ന് ലഭിച്ചു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തുവന്നത്.ഡിസിസി ഭാരവാഹികൾ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.
ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നു. കെ.സുധാകരൻ, വി ഡി സതീശൻ, സംസ്ഥാനത്തിൻ്റെ ചുമതലയുമുള്ള ദീപ ദാസ് മുൻഷി എന്നിവർ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും കത്തിലുണ്ട്. പാലക്കാട് നിയോജക മണ്ഡലത്തിൽ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാൻ മികച്ച സ്ഥാനാർത്ഥി തന്നെ വേണം. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് നേതാക്കളായ പി സരിനും എകെ ഷാനിബും അടക്കമുള്ളവർ പാർട്ടിക്കെതിരെ തുറന്ന നിലപാടുമായി മുന്നോട്ട് വരികയും ചെയ്തു. ഡോ.പി.സരിൻ ഇടത് സ്ഥാനാർത്ഥിയാവുകയും സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഷാനിബ് ഇതിൽ നിന്ന് പിന്മാറി സരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Story Highlights : DCC propose K Muraleedharan as candidate Palakkad by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here