‘സിനിമയില്‍ കോമഡി റോളുകള്‍ കിട്ടാത്തത് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കോമഡി റീലുകള്‍ ചെയ്യുന്നു’: വിദ്യാ ബാലന്‍

ബോളിവുഡില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് വിദ്യ ബാലന്‍. ‘എഫ്.ടി.ക്യൂ. വിത് രേഖ മേനോന്‍’ എന്ന മലയാള ഇന്റര്‍വ്യൂ ഷോയില്‍ താരം തന്റെ പ്രിയപ്പെട്ട മലയാള നടി ഉര്‍വശിയെ പറ്റി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മലയാള ചലച്ചിത്രം ‘മണിച്ചിത്രത്താഴിന്റെ’ റീമേക്കായ ‘ഭൂല്‍ ഭുലയ്യ 3’ യുടെ പ്രൊമോഷന്റെ ഭാഗമായായിരുന്നു ഇന്റര്‍വ്യൂ. ഭൂല്‍ ഭുലയ്യ 3 ഒരു കോമഡി ഹൊറര്‍ ചിത്രമാണ്.
സിനിമകളില്‍ കോമഡി വേഷങ്ങളിലങ്ങനെ എത്തിയിട്ടില്ലെങ്കിലും കോമഡി റീലുകളിലൂടെ താരം സാമൂഹിക മാധ്യമങ്ങളില്‍ എപ്പോഴും വൈറലാകാറുണ്ട്. ഹിന്ദി സിനിമയിലെ കോമഡി വേഷങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അവിടെ സ്ത്രീകള്‍ക്ക് കോമഡി വേഷങ്ങള്‍ അത്ര എളുപ്പത്തില്‍ ലഭിക്കാറില്ലെന്ന് വിദ്യ പറഞ്ഞത്. എന്നാല്‍ കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് മലയാളത്തില്‍ നിന്ന് ഉര്‍വശിയും ശ്രീദേവിയുമാണെന്നും വിദ്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ താന്‍ ചെയ്യുന്ന കോമഡി റീലുകള്‍ വളരെ സന്തോഷം നല്‍കുന്നതാണെന്നും വിദ്യാ ബാലന്‍ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ മലയാള സിനിമകള്‍ കൂടുതല്‍ എളുപ്പത്തില്‍ കാണാന്‍ കഴിയുന്നതില്‍ വിദ്യക്ക് സന്തോഷമുണ്ട്. ഫഹദ് ഫാസില്‍ അടക്കമുള്ള മലയാള താരങ്ങളുടെ പ്രകടനങ്ങള്‍ തന്നെ ഏറെ ആകര്‍ഷിക്കുന്നുവെന്നും വിദ്യ പറഞ്ഞു. ബേസില്‍ ജോസഫ്, അന്ന ബെന്‍ എന്നിവരും തന്റെ പ്രിയപ്പെട്ട കലാകാരന്മാരാണെന്ന് വിദ്യ കൂട്ടിച്ചേര്‍ത്തു. ശക്തമായ ഒരു കഥാപാത്രം ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന സൂചനയും വിദ്യ നല്‍കിയിട്ടുണ്ട്.
Story Highlights : Vidya Balan praises Urvashi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here