Advertisement

എല്‍ ക്ലാസിക്കോ പൊളിച്ചടുക്കി ബാഴ്‌സലോണ; നാല് ഗോളിന് റയലിനെ തകര്‍ത്തു

October 27, 2024
Google News 2 minutes Read
Lamin Yamal Lewindoski

ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സലോണ. ബയേണിനെ തകര്‍ത്തുവിട്ട അതേ പോരാട്ടവീര്യത്തില്‍ ബാഴ്‌സ താരങ്ങളായ റോബര്‍ട്ട് ലെവിന്‍ഡോസ്‌കി, ലമിന്‍ യമാല്‍ അടക്കമുള്ള താരങ്ങള്‍ കളം നിറഞ്ഞപ്പോള്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ആയിരുന്നു റയലിന്റെ പതനം. പോളിഷ്താരം ലെവിന്‍ഡോസ്‌കി രണ്ട് ഗോളുകള്‍ നേടിയ മത്സരത്തില്‍ സ്‌പെയിന്‍ കൗമാരതാരം ലമിന്‍ യമാല്‍, ബ്രസീല്‍ താരം റാഫീന്‍ഹ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഹാട്രിക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ ലെവിന്‍ഡോസ്‌കി നഷ്ടപ്പെടുത്തി. ആദ്യ എല്‍ ക്ലാസിക്കോക്ക് ഇറങ്ങിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ഓരോന്നും ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി ബാഴ്‌സ പ്രതിരോധം കൈയ്യടി നേടി. ഒരുവേള കിലിയന്‍ എംബാപ്പെ സ്‌കോര്‍ ചെയ്‌തെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ അനുവദിക്കപ്പെട്ടില്ല. വാര്‍ പരിശോധനയില്‍ ഗോളല്ലെന്ന് വ്യക്തമായത്. ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. ലമീന്‍ യമാല്‍ മികച്ച പ്രകടനം പുറത്തെടുത്തു. കൗമാരക്കാരന്റെ ആദ്യ എല്‍ ക്ലാസിക്കോ ഗോളായിരുന്നു മത്സരത്തില്‍ പിറന്നത്.

54-ാം മിനിറ്റില്‍ മിനിറ്റില്‍ ബാഴ്‌സലോണ ലീഡെടുത്തു. കസാഡോ നല്‍കിയ ഭംഗിയാര്‍ന്ന ത്രൂ പാസ് സ്വതസിദ്ധമായ ഫിനിഷിങ്ങിലൂടെ ലെവന്‍ഡോസ്‌കി വലയിലാക്കി. സകോര്‍ 1-0. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ബാഴ്‌സയുടെ രണ്ടാം ഗോളും കണ്ടു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ലെവിന്‍ഡോസ്‌കി തന്നെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 2-0. ആവേശമേറ്റിയ ബാഴ്‌സ നീക്കങ്ങള്‍ക്ക് പിന്നാലെ ഹാട്രിക്ക് നേടാനുള്ള രണ്ട് മികച്ച അവസരങ്ങള്‍ ലെവ പാഴാക്കി.
റയല്‍ മറുപടി ഗോളിനായി ശ്രമം തുടരവെ ബാഴ്‌സയുടെ മൂന്നാം ഗോളെത്തി. 77-ാം മിനിറ്റില്‍ ലമിന്‍ യമാലായിരുന്നു ഇത്തവണ റയല്‍ വല കുലുക്കിയത്. റയലിന്റെ സമ്പൂര്‍ണ പതനം സൂചിപ്പിച്ച മത്സരത്തില്‍ 84-ാം മിനിറ്റില്‍ ബാഴ്‌സലോണ നാലാം ഗോളും നേടി. ബ്രസീല്‍ സൂപ്പര്‍താരം റാഫീന്‍ഹക്കായിരുന്നു ഇത്തവണ സ്‌കോറിങിനുള്ള അവസരം. നാല് ഗോള്‍ വഴങ്ങിയതോടെ റയല്‍ മുന്നേറ്റത്തിന് ശക്തി നഷ്ടപ്പെട്ടു. എല്ലാ തരത്തിലും അടിയറവ് പറഞ്ഞ എംബാപെയും സംഘവും കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഈ ജയത്തോടെ ബാഴ്‌സ 30 പോയിന്റുമായി പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതുമാണ്. 21 പോയിന്റുമായി വിയ്യാറയല്‍ ആണ് റയലിന് തൊട്ടുപിന്നിലുള്ളത്. ഈ തോല്‍വിയോടെ റയലിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി മാറി.

Story Highlights: Real Madrid vs Barcelona match result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here