വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രിയും; നവംബർ ആറിന് മണ്ഡലത്തിലെത്തും

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ.മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും അടക്കം ബിജെപിയുടെ പ്രമുഖ നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെത്തും. പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചരണം പൂർത്തിയായതോടെ ഏറെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
വരുന്ന ആറാം തീയതി കൽപ്പറ്റ യിലും മുക്കത്തും എടവണ്ണയിലും ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് വേണ്ടി വോട്ട് അഭ്യർത്ഥന നടത്തുന്ന റാലിയും എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. സ്ഥാനാർത്ഥിയുടെ വാഹന പ്രചരണ യാത്ര കഴിഞ്ഞദിവസം മുതൽ തുടങ്ങി.
ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് വണ്ടൂർ , നിലമ്പൂർ മണ്ഡലങ്ങളിലാണ് ഇന്നത്തെ പ്രചരണം നടത്തിയത്.നവ്യക്കുവേണ്ടി പ്രചാരണം നടത്താൻ രണ്ടാം തീയതി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാലിന് മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവരും ജില്ലയിൽ എത്തുന്നുണ്ട്.
പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ആവേശത്തിൽ ആണ്. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. അടുത്ത മൂന്നാം തീയതി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ വീണ്ടും പ്രചാരണത്തിന് എത്തും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
Story Highlights : CM Pinarayi Vijayan will reach Wayanad on 6th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here