ചേലക്കര ഉപതെരഞ്ഞെടുപ്പ്; കെ രാധാകൃഷ്ണൻ പ്രചരണ രംഗത്ത് സജീവമല്ലെന്ന് യു ആർ പ്രദീപ്

ചേലക്കരയിൽ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കൺവെൻഷനിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയിൽ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്. പ്രചാരണ രംഗത്തെ കെ രാധാകൃഷ്ണന്റെ അസാന്നിധ്യം മനോവിഷമം ഉണ്ടാക്കുന്നെന്നായിരുന്നു പ്രദീപിന്റെ പരാതി. തൊട്ടടുത്ത ദിവസം മുതൽ കെ രാധാകൃഷ്ണൻ മണ്ഡല പര്യടനത്തിൽ സജീവമാവുകയും ചെയ്തു. എന്നാൽ വാർത്ത പിന്നീട് യു ആർ പ്രദീപ് തള്ളി. പരാതി ഇല്ലെന്നും, മാധ്യമങ്ങൾ ഉപദ്രവിക്കരുതെന്നും പ്രതികരണം.
യു ആർ പ്രദീപിന്റെ രണ്ടാംഘട്ട പ്രചരണം സജീവമായി മുന്നോട്ടു പോവുകയാണ്. യുവാക്കളെ അണിനിരത്തി നാളെ ഇരുചക്ര വാഹന പ്രചരണ ജാഥ നടത്തും. കെ മുരളീധരൻ അടക്കമുള്ള യുഡിഎഫിലെ പ്രധാന നേതാക്കൾ നാളെ രമ്യ ഹരിദാസന് വേണ്ടി മണ്ഡലത്തിലെത്തുന്നുണ്ട്. കേന്ദ്ര മന്ത്രിമാരും നേതാക്കളുമടങ്ങുന്ന സംഘം എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ പ്രചരണ രംഗത്തും സജീവമാണ്.
അതേസമയം, വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗം സജീവമായി . കൂടുതൽ നേതാക്കൾ അടുത്ത ദിവസങ്ങളിലായി മണ്ഡലത്തിലെത്തും. നാളെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, അടുത്ത ദിവസങ്ങളിലായി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വേണ്ടി രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി എന്നിവരും വയനാട് മണ്ഡലത്തിൽ ഉണ്ടാകും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി 6 നാണ് മണ്ഡലത്തിൽ എത്തുക. പ്രിയങ്ക ഗാന്ധി രാഷ്ട്രീയം സംസാരിക്കാൻ തയ്യാറാകണമെന്നാണ് സത്യൻ മൊകേരിയുടെ ആവശ്യം.
Story Highlights : Chelakkara by-election; UR Pradeep says that K Radhakrishnan mp is not active in the campaign field
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here