തകർത്ത് പെയ്ത് മഴ, വീശിയടിച്ച് കാറ്റ്, പിന്നാലെ പ്രളയം; 205 മരണം, രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തക്കയത്തിൽ സ്പെയിൻ
സ്പെയിനിൽ കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് മരണങ്ങളേറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. വെള്ളം ഒഴുകിപ്പോയ ശേഷം സ്പെയിനിൽ പല ഭാഗത്തും തകർന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുകയാണ്. സുനാമിക്ക് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തെയാണ് സ്പെയിൻ ഇപ്പോൾ നേരിടുന്നത്.
എത്ര പേരെ കാണാതായെന്നോ, എത്ര പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം അധികൃതരുടെ പക്കലില്ല. പൊലീസും സൈന്യവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദുരന്തബാധിതർക്കം അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രാദേശിക ഭരണകൂടങ്ങളും കൂട്ടായ്മകളും റെഡ് ക്രോസും രംഗത്തുണ്ട്.
സ്പെയിനിൽ മെഡിറ്ററേനിയൻ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്. രണ്ട് വർഷത്തോളം മഴ കിട്ടാതെ കൊടും വരൾച്ചയെ നേരിട്ട രാജ്യത്ത് പെട്ടെന്ന് മഴ പെയ്തപ്പോൾ ഭൂമിക്ക് വെള്ളം വേഗത്തിൽ വലിച്ചെടുക്കാനായില്ലെന്നും വിദഗ്ദ്ധർ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
Story Highlights : Death toll from Spanish floods climbs to 205
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here