Advertisement

സിറ്റി നോട്ടമിട്ടു, റാഞ്ചിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ആരാണ് പുതിയ യുനൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിം?

November 1, 2024
Google News 2 minutes Read
Ruben Amorim with Manchester United

പെപ് ഗാര്‍ഡിയോളയുടെ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിട്ട, ബാഴ്സയുടെയും യുവന്റസിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും ലിവര്‍പൂളിന്റെയും വരെ പരിശീലകരെ തേടിയുള്ള റഡാറില്‍ നിരന്തരം വന്നുപെട്ടിരുന്ന റൂബന്‍ അമോറിനെ ഒടുവില്‍ റാഞ്ചിയെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യൂണറ്റൈഡ് എന്ന ഇംഗ്ലീഷ് ക്ലബ്. ലോകത്തെ പരിശീലകരില്‍ മുന്‍നിരയിലുള്ള ജുര്‍ഗന്‍ ക്ലോപ്പിനും പെപ് ഗാര്‍ഡിയോളക്കും പിന്‍ഗാമിയായി കാണാന്‍ മാത്രം വലിപ്പമുള്ള റൂബന്‍ അമോറിനെ കുറിച്ചാണ് സോക്കര്‍ ലോകത്തെ ചര്‍ച്ച. ആരാണ് ഇംഗ്ലീഷ് ക്ലബ്ബുകളില്‍ ഇത്രയും റേറ്റിങ് ഉണ്ടാക്കിയ റൂബന്‍ ഫിലിപ് മാര്‍ക്വേസ് അമോറിം എന്ന റൂബന്‍ അമോറിം?

ഫിഫ വേള്‍ഡ് കപ്പിനായി രണ്ട് തവണ പോര്‍ച്ചുഗല്ലിനെ പ്രതിനിധീകരിച്ചിറങ്ങിയ അമോറിം സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്ന ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് യുണൈറ്റഡിലേക്ക് എത്തുന്നത്. അങ്ങനെ വെറുതെ ഒരു പരിശീലകനായിരുന്നില്ല റൂബന്‍ അമോറിം എന്ന ലിസ്ബണ്‍ സ്വദേശിയായ 39-കാരന്‍. പോര്‍ച്ചൂഗീസ് ലീഗില്‍ വര്‍ഷങ്ങളായി ബെന്‍ഫിക്കയും പോര്‍ട്ടോയും പുലര്‍ത്തിപോന്ന ആധിപത്യം തകര്‍ത്ത് സ്പോര്‍ട്ടിംഗിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത പുലിയാണ് ഇദ്ദേഹം. യുവ പരിശീലകരെ പരീക്ഷിക്കാന്‍ ഭയമില്ലാത്ത പോര്‍ച്ചുഗല്‍ ക്ലബ് പാരമ്പര്യം കൂടിയാണ് റൂബന്‍ അമോറിമിന്റെ കരിയര്‍ ഈ വിധം മാറ്റിമറിച്ചത്.

Read Also: പി.ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി

14 അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞ അമോറിം 2003-ല്‍ പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ക്ലബ്ബായ ബെലെനെന്‍സസിന് വേണ്ടി അവരുടെ സീനിയര്‍ ക്ലബ്ബിലാണ് അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ വലിയൊരു പങ്ക് ബെലെനെന്‍സസിന് ഒപ്പം തന്നെയായിരുന്നു. ആറ് സീസണുകളിലായി 154 മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഇടയ്ക്ക് റൈറ്റ് ബാക്കായും അദ്ദേഹം കളിച്ചു. എന്നാല്‍ അതിഗുരുതരമായി ലിഗമെന്റിന് ഏറ്റ പരിക്ക് റൂബന്‍ അമോറിമിന്റെ കളിജീവിതത്തിന് താല്‍ക്കാലിക വിരാമമിട്ടു. മൈതാനത്തേക്ക് ഇറങ്ങാന്‍ ഇനിയാകില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട അമോറിം 32-ാം വയസില്‍ ചങ്ക് പിടഞ്ഞ് വിരമിച്ചു. എന്നാല്‍ ഫുട്‌ബോള്‍ അല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലാത്ത അദ്ദേഹം പരിശീലന യോഗ്യതകള്‍ പൂര്‍ത്തിയാക്കി. 2019 ഡിസംബറില്‍ പോര്‍ച്ചുഗല്‍ ക്ലബായ ബ്രാഗയുടെ ഒന്നാംനിര ടീമിന്റെ മുഖ്യ പരിശീലകനായി. ക്ലബിന്റെ നേട്ടങ്ങളില്‍ മികവുണ്ടെന്ന് മനസിലാക്കിയ സ്‌പോര്‍ട്ടിങ് ബ്രാഗയുടെ യുവ മാനേജരെ തങ്ങളുടെ സ്വന്തമാക്കി. ഇത് അര്‍ഥവത്തായ തീരുമാനമായിരുന്നുവെന്ന് രണ്ട് മാസത്തിന് ശേഷം തന്നെ തെളിയിച്ചു കൊടുക്കാന്‍ റൂബന്‍ അമോറിമിന് സാധിച്ചു.

Read Also: ധോണി ചെന്നൈയിൽ തുടരും, രോഹിത് മുംബൈയിൽ, സഞ്ജു ഉൾ‌പ്പെടെ 6 താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്

പോര്‍ച്ചുഗീസ് ലീഗ് കപ്പിലേക്ക് രണ്ട് തവണ സ്‌പോര്‍ട്ടിങിനെ നയിച്ചത് അമോറിം ആയിരുന്നു. 34 മത്സരങ്ങളില്‍ 29 എണ്ണം വിജയിച്ച് രണ്ടാം സ്ഥാനത്തുള്ള ബെന്‍ഫിക്കയെക്കാള്‍ പത്ത് പോയിന്റ് ലീഡാണ് സ്‌പോര്‍ട്ടിങിന് ഉണ്ടായിരുന്നത്. ഇതോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമോറിമിന്റെ പ്രശസ്തി ഗണ്യമായി ഉയര്‍ന്നു. 19 വര്‍ഷത്തിനിടെ ക്ലബ്ബിന്റെ ആദ്യ ചാമ്പ്യന്‍ഷിപ്പ് വിജയമായ 2021-ലെ ‘പ്രൈമിറ ലിഗ’ കിരീടത്തിലേക്ക് സ്‌പോര്‍ട്ടിംഗിനെ നയിച്ചുവെന്ന് മാത്രമല്ല, ബെന്‍ഫിക്കയും പോര്‍ട്ടോയും ലീഗുകളില്‍ തുടരുന്ന ആധിപത്യം തകര്‍ത്തു കളയുകയും ചെയ്തു. ഇതോടെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള പരിശീലകരില്‍ ഒരാളായി ഈ പോര്‍ച്ചുഗീസ് മാനേജര്‍ മാറി. അമോറിം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ മാനേജരാകാന്‍ ഒരുങ്ങുന്നുവെന്ന വിവരമാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത്. ഇദ്ദേഹത്തിനായി ഇംഗ്ലീഷ് ക്ലബ് സ്പോര്‍ട്ടിംഗിന് പത്ത് മില്യണ്‍ റിലീസ് ഫീസ് നല്‍കാനുള്ള താല്‍പ്പര്യം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ പരസ്യമാക്കിയിരുന്നു. അതേ സമയം താന്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അമോറിം പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്‌ബോള്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള ഒരുക്കമെല്ലാം നടത്തിക്കഴിഞ്ഞിട്ടുണ്ട്. റൂബന്‍ അമോറിമിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ശ്രമം നടത്തിയിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ക്ലബ് നീക്കത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. വലിയ തുക നല്‍കി അമോറിമിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നീക്കങ്ങള്‍ കാര്യമായി നടക്കുന്നതിനിടെയായിരുന്നു സിറ്റിയുടെ പിന്‍മാറ്റം.

Story Highlights: Ruben Amorim Manchester United New Manager

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here