Advertisement

‘കൊടകര കുഴല്‍പ്പണക്കേസ് തുടരന്വേഷണം പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി’: കെ സുധാകരന്‍ എംപി

November 2, 2024
Google News 2 minutes Read

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പൊലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്.

പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്റെ പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും ഈ ഡീലിന്റെ ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്.

2021 ല്‍ ബിജെപി 41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ് കേരള പോലീസ് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതേയില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നത്.

സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് ഈ കേസില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിര്‍ജ്ജീവമായത്. പ്രത്യക്ഷത്തില്‍ കള്ളപ്പണയിടപാട് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും ഇഡി കേസെടുക്കാത്തതും അതിനെതിരെ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാതിരുന്നതും സിപിഎമ്മിന്റെയും ബിജെപിയുടെയും ഡീലിന്റെ ഭാഗമായാണ്.

ഇരുകൂട്ടരും കൂടി കൊട്ടിയടച്ച കേസാണ് ബിജെപി മുന്‍ ജീവനക്കാരന്റെ തുറന്നുപറച്ചിലിലൂടെ വീണ്ടും തുറന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതു തെളിയിക്കാനുള്ള അവസരമാണിത്. നേരത്തെ സുരേന്ദ്രനെ സാക്ഷിയാക്കിയപ്പോള്‍, പ്രതിയാകാന്‍ അധികം ദൂരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് വാക്ക് പാലിക്കാനുള്ള അവസരം കൂടിയാണിതെന്ന് സുധാകരന്‍ പറഞ്ഞു.

ബിജെപിയെ ആരാണ് ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതെന്ന് മനസിലാക്കാന്‍ കൊടകര കുഴല്‍പ്പണ കേസ് മാത്രം മതി. അതേക്കുറിച്ച് മരുമകന്‍ മന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് സുധാകരന്‍ ചോദിച്ചു. ബിജെപിയെ കൊടര കുഴല്‍പ്പണ കേസില്‍ സഹായിച്ചത് തെറ്റല്ലെയെന്ന് ആഭ്യന്തം കയ്യാളുന്ന അമ്മായിയപ്പനോട് ചോദിക്കാന്‍ മരുമകന്‍ മന്ത്രി തയ്യാറാണോ? ആദ്യകേസ് അട്ടിമറിച്ചതെന്തിനാണെന്ന് മരുമകന്‍ വ്യക്തമാക്കാമോ?

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിപക്ഷം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോണ്‍ഗ്രസ് ആവശ്യപ്പെടാത്തത് സിപിഎമ്മിനെ രക്ഷിക്കാന്‍ ബിജെപി ഇടപെടുമെന്നു ബോധ്യം ഉള്ളതിനാലാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ പ്രതികളാകുന്ന കേസുകളില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഒളിച്ചുകളിക്കുകയാണ്. ഇത്തരം കേസുകള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാര ശക്തിപ്പെടുത്താനുള്ള ഉപാധികളായിട്ടാണ് കാണുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയ കേസിന്റെ ഭാവിയെന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran Against Bjp on kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here