‘വോട്ടെടുപ്പ് മാറ്റിയതിൽ ഗൂഢാലോചന സംശയിക്കുന്നു, ബിജെപിയിലെ അതൃപ്‌തി ഗുണമാകും’; പി സരിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രൻ ഡോ.പി.സരിൻ. എന്നാൽ വോട്ടെടുപ്പ് മാറ്റിയതിന് പിന്നിൽ ഗൂഢാലേചന സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കൽപാത്തിയിൽ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിലെ അതൃപ്‌തി തനിക്ക് ഗുണമാകും. സന്ദീപ് വാര്യർ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണ്. സന്ദീപുമായി സിപിഐഎം ചർച്ച നടത്തി എന്ന വാർത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിൻ പാലക്കാട് പ്രതികരിച്ചു.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നു.
തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ ആവശ്യപ്പെട്ടത് വിശ്വാസികൾക്ക് വേണ്ടി. തീയതി മാറ്റിയതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ ക്രെഡിറ്റെടുക്കാൻ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 13 ൽ നിന്ന് നവംബർ 20 ലേക്ക് മാറ്റിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തീയതി മാറ്റിയ നടപടിയെ എല്ലാ മുന്നണികളും സ്വാഗതം ചെയ്തു.
Story Highlights : P Sarin on Palakkad bypoll date change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here