‘ആനകളെ മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ’, എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് അമിക്കസ് ക്യൂറി ശുപാര്‍ശ
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം അമിക്കസ് ക്യൂറിയുടെ ശുപാര്‍ശകള്‍ പരിശോധിക്കട്ടെയെന്നു വ്യക്തമാക്കിയ ഹൈക്കോടതി എഴുന്നള്ളിപ്പ് സംബന്ധിച്ചു അന്തിമ മാര്‍ഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറത്തിറക്കാമെന്ന് വ്യക്തമാക്കി. വിഷയം വൈകാരികമായതു കൊണ്ട് തന്നെ വിവിധ ദേവസ്വങ്ങള്‍, ആനയുടമകള്‍ എന്നിവരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്ന് സര്‍ക്കാരും നിലപാടെടുത്തു. ആനകള്‍ ക്രൂരത നേരിടരുതെന്നതാണ് പരിഗണനാ വിഷയമെന്നു ചൂണ്ടിക്കാട്ടിയ കോടതി ആനകളെ നന്നായിട്ട് പരിചരിക്കുമെങ്കില്‍ മാത്രമേ അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂവെന്നും വാക്കാല്‍ വ്യക്തമാക്കി.
Story Highlights : Elephants should only be used for religious ceremonies ; Amicus Curiae report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here