Advertisement

മറച്ചുവച്ചാൽ ഞാൻ കാണാതെ പോകുമോ? ചേർത്തുപിടിച്ച് മുത്തപ്പൻ; കണ്ണീരണിഞ്ഞ് നവദേവ്, വൈറലായി വിഡിയോ

November 6, 2024
Google News 4 minutes Read

സമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ് മുത്തപ്പന്റെ ചിത്രം വരച്ച കുഞ്ഞു ചിത്രകാരനും മുത്തപ്പന്‍ വെള്ളാട്ടവും തമ്മിലുള്ള വിഡിയോ രംഗം. പുത്തൂര്‍ നാറോത്തും ചാല്‍ മുണ്ട്യ ക്ഷേത്രത്തിനു സമീപത്തെ കീനേരി നളിനിയുടെ വീട്ടിലെ മുത്തപ്പന്‍ വെള്ളാട്ട സമയത്തെ ഭക്തിനിര്‍ഭരമായ രംഗങ്ങളാണ് വൈറലായത്. കരിവെള്ളൂർ പുത്തൂർ മുണ്ട്യക്ക് സമീപം കീനേരി നളിനിയുടെ വീട്ടിൽ മുത്തപ്പനെ കാണാനാണ് കുഞ്ഞ് നവദേവ് മുത്തശ്ശിക്കൊപ്പം എത്തിയത്.

തലേന്നുരാത്രി വരച്ച മുത്തപ്പന്റെ ചിത്രവും എടുത്തു. പിഞ്ചുകയ്യിലെ കടലാസ് മുത്തപ്പന്റെ ശ്രദ്ധയിൽപെട്ടു. നവദേവ് അരികിലെത്തിയപ്പൊൾ മുത്തപ്പൻ ചിത്രമെടുത്ത് നോക്കി. “ഇതിനു പകരം തരാൻ കയ്യിലൊന്നുമില്ലല്ലോ’ എന്നുപറഞ്ഞ് നവദേവിനെ ചേർത്തുപിടിച്ചു. നിറങ്ങൾ വാങ്ങാൻ പണവും കൊടുത്തു.

നിങ്ങൾക്കാവുമോ ഇങ്ങനെ വരക്കാൻ എന്നും ചുറ്റുമുള്ളവരോട് ചോദിക്കുന്നുണ്ട്. ‘ഉള്ളിലുള്ളത് വരക്കാനൊരു കഴിവ് വേണം. അത് ജന്മസിദ്ധമായിട്ടേ കിട്ടൂ. പണം കൊടുത്താൽ കഴിവ് കിട്ടുമോ? ഉള്ളിലുള്ളത് ഇങ്ങനെ പകർത്തണമെങ്കിൽ അത്രമാത്രം ഇവനെന്നെ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അർത്ഥം’ എന്നും മുത്തപ്പൻ പറയുന്നത് കേൾക്കാം. അപ്പോഴേക്കും നവദേവ് കരയാൻ തുടങ്ങിയിരുന്നു.

‘ഇത്രയും മൂല്ല്യമുള്ളതിന് പകരം തരാനൊന്നും എന്റെ കയ്യിലില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇതിലും ഭംഗിയില്, വലിപ്പത്തില് മുത്തപ്പനെ ഇനിയും പകർത്തണം’ എന്ന് പറഞ്ഞ് മുത്തപ്പൻ നവദേവിന്റെ കണ്ണുകൾ തുടച്ചുകൊടുത്തു.

‘ഇതുപോലെ വരക്കാൻ നിറമുണ്ടോ ഇനി കയ്യില്’ എന്നും ചോദിക്കുന്നുണ്ട്. പിന്നീട് തൊഴുതുകിട്ടിയ പണത്തിൽ നിന്നും നവദേവിന് മുത്തപ്പൻ പണം നൽകുന്നതും കാണാം. ഇനിയും വരക്കാനുള്ളത് വാങ്ങണമെന്നും പറയുന്നുണ്ട്. ‘അതോ മധുരം വാങ്ങുമോ’ എന്നു ചോദിക്കുന്നതും ‘മധുരം വാങ്ങിയാലും കുഴപ്പമില്ല, കുഞ്ഞിന്റെ മനസ് നിറഞ്ഞാൽ മതി’ എന്ന് പറയുന്നതും വിഡിയോയിൽ കാണാം.

Story Highlights : muthappan vellattu conversation with child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here